പോയിന്റ് പങ്ക് വെച്ച് ഡല്‍ഹിയും കൊല്‍ക്കത്തയും

- Advertisement -

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ പോയിന്റ് പങ്ക് വെച്ച് ഡല്‍ഹിയും കൊല്‍ക്കത്തയും. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലരങ്ങേറിയ മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ഇരു ടീമുകളും 2-2 നു സമനില പാലിയ്ക്കുകയായിരുന്നു. മത്സരം സമനിലയായെങ്കിലും 17 പോയിന്റുകളോടു കൂടി ഒന്നാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി. 13 പോയിന്റുകളോടു കൂടി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ആദ്യ പകുതിയുടെ 17ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ നേടിയത്. സമീ ഡൗട്ടിയുടെ മിന്നുന്ന പാസ് വലയിലേക്ക് തട്ടിയിടുക എന്ന ദൗത്യം മാത്രമായിരുന്നു ഹ്യൂമിനുണ്ടായിരുന്നത്. 24ാം മിനുട്ടില്‍ മികച്ചൊരു അവസരം ഡല്‍ഹിയുടെ ഇബ്രാഹിമ നിയാസ്സെയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ പുറത്തേയ്ക്ക് പോകുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം പോസ്റ്റിഗയുടെ ശ്രമം ബാറിനു നേരിയ വ്യത്യാസത്തില്‍ പുറത്ത് പോകുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് തന്റെ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് ബാഡ്ജി പുറത്ത് പോയത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒരു ഗോളിനു പിന്നിലായിരുന്നു ആതിഥേയര്‍.

രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും വര്‍ദ്ധിച്ച വീര്യത്തോടു കൂടി തന്നെയാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. 60ാം മിനുട്ടില്‍ മാര്‍സെലീനോയെ ഫൗള്‍ ചെയ്തതിനു കൊല്‍ക്കത്തയുടെ പ്രഭിര്‍ ദാസിനെതിരെ വിധിച്ച പെനാള്‍ട്ടി ഡല്‍ഹിയുടെ ക്യാപ്റ്റന്‍ മലൂഡ പാഴാക്കുകയായിരുന്നു. മലൂഡയുടെ ഷോട്ട് ഇടത്തോട് ചാടി കൊല്‍ക്കത്ത കീപ്പര്‍ മജൂംദാര്‍ സേവ് ചെയ്യുകയായിരുന്നു.

63ാം മിനുട്ടില്‍ മിലന്‍ സിംഗ് നേടിയ തകര്‍പ്പന്‍ ഗോള്‍ ഡല്‍ഹിയ്ക്ക് സമനില സമ്മാനിച്ചു. 25 വാര ദൂരെ നിന്നുള്ള ഇടങ്കാലന്‍ അടി മജൂംദാറിനു ഒരു അവസരവും നല്‍കാതെയാണ് ഗോളില്‍ പതിച്ചത്. 8 മിനുട്ടുകള്‍ക്ക് ശേഷം ഡോബ്ലാസിനെ മറികടന്ന് ജാവി ലാറ ഗോള്‍ നേടി കൊല്‍ക്കത്തയ്ക്ക് വീണ്ടും ലീഡ് നല്‍കി. 74ാം മിനുട്ടില്‍ ഫ്ലോറന്റ് മലൂഡയിലൂടെ ഗോള്‍ മടക്കി ഡല്‍ഹി സമനില പിടിച്ചെടുത്തു.

മിലന്‍ സിംഗാണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement