ലീഗിൽ ഒന്നാമതെത്താൻ ഡൽഹി ഇന്ന് ചാമ്പ്യന്മാരായ ചെന്നൈക്കെതിരെ

- Advertisement -

ഇന്ന് ഡൽഹിയിൽ ചെന്നൈയെക്കെതിരെയായ മത്സരത്തിൽ ഡൽഹി ഇറങ്ങുമ്പോൾ ഡൽഹിയെ ചൂഴ്ന്ന് നിൽക്കുന്ന സ്മോഗ് മത്സരത്തിന് വില്ലനാകുമോ എന്ന ആശംങ്കയിലാണ് ആരാധകർ. കാലാവസ്ഥ ഭീക്ഷണിയിലാണ് മത്സരമെങ്കിലും മികച്ച പോരാട്ടമാവും ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കാത്തിരിക്കുന്നത്. ജയിച്ചാൽ ലീഗിൽ ഒന്നാമതെത്താൻ ഡൽഹിക്കാവും. കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരെ നാട്ടിലെ ആദ്യ വിജയം സ്വന്തമാക്കിയ ഡൽഹി നല്ല ആത്മവിശ്വാസത്തിലാണ് ഇന്ന് മത്സരത്തിനിറങ്ങുക. പ്രതിരോധം മുതൽ അക്രമണം വരെ മികച്ച ഫോമിലാണ് ഡൽഹി നിര. ഒപ്പം സീസണിൽ ആദ്യം ചെന്നൈയെ 3-1 നു തകർത്ത ആത്മവിശ്വാസവും അവർക്കുണ്ട്.

ടോണി ടെബ്ലാസ് തന്നെയാവും ഗോൾ വല കാക്കുക. സീസണിൽ ഉജ്ജ്വല ഫോമിലുള്ള റൂബനും, മലയാളി താരം അനസുമാവും ഡെൽഹി പ്രതിരോധം കാക്കുക. ഇവരെ മറികടക്കുക ചെന്നൈ മുന്നേറ്റത്തിന് അത്ര എളുപ്പമാവില്ല. മധ്യനിരയിൽ മെമോ, മിലാൻ സിങ്, മാർക്വീ താരം മെലൂദ എന്നിവർ മികച്ച ഫോമിലാണ്. ഇവർകൊപ്പം പഴയ ചെന്നൈ താരം ബ്രൂണോ പെലിസാരിയും ചേരും. മുന്നേറ്റത്തിൽ റിച്ചാർഡ്‌ ഗാഡ്സയുടെ ഫോമില്ലായ്മ മറികടക്കാനുള്ള പ്രാപ്തി വിങുകളിൽ അപാര ഫോമിലുള്ള മാർസെലീനോക്കും കീൻ ലൂയിസിനും ഉണ്ടന്നാണ് സംബ്രോട്ടയുടെ പ്രതീക്ഷ. മാർസെലീനോ ഈ സീസണിലെ താരമാവാനുള്ള കുതിപ്പിലാണ്.

ലീഗിൽ 5 സ്ഥാനത്തുള്ള ചെന്നൈ ആദ്യ നാലിലേക്കുള്ള മടങ്ങി വരാനാവും ഡെൽഹിക്കെതിരെ ശ്രമിക്കുക. തുടർച്ചയായ സമനിലകൾക്ക് ശേഷമെത്തുന്ന ചെന്നൈക്ക് അതിനാൽ തന്നെ വിജയം അത്യാവശ്യമാണ്. പരിക്കുകളിൽ നിന്ന് പ്രധാന താരങ്ങൾ എത്തുന്നത് മറ്റരാസിക്ക് ആശ്വാസം പകരുന്നു. സീസണിൽ ആദ്യം ഡൽഹിയോടേറ്റ പരാജയത്തിന് പ്രതികാരം തേടിയാവും ചെന്നൈ ഇറങ്ങുക.

കരൺജിത്ത് സിങ് തന്നെയാവും ഗോളിൽ തുടരുക. മുൻ ഡൽഹി താരങ്ങളായ മാർക്വീ താരം ജോൺ റൈസും മധ്യനിര താരം ഹാൻസ് മുൾഡറും ടീമിൽ തിരിച്ചെത്തും. ബർണാഡ് മെൻ്റികൊപ്പം ജോൺ റൈസാവും പ്രതിരോധത്തിൽ ഇറങ്ങുക. സീസണിൽ ഇനി കളിക്കാൻ സാധിക്കാത്ത ധനചന്ദ്ര സിങിന് പകരം ടീമിലെത്തിയ യുവതാരം അനിരുദ് താപ്പ ഇന്ന് കളിക്കാൻ സാധ്യതയില്ല. മുൾഡറിനൊപ്പം പെലൂസോയും തോയി സിങും മധ്യനിരയിൽ ഇറങ്ങിയേക്കും. മുന്നേറ്റത്തിൽ ജെജെകൊപ്പം ഡുഡുവോ സുചിയോ ആവും ഇറങ്ങുക. ഡെൽഹി മധ്യനിരയെ മറികടക്കുക എന്ന വലിയ ചുമതലയാണ് ഇവർക്കുള്ളത്.

പഴയ സഹതാരങ്ങളായ സംബ്രോട്ടയും മെറ്റരാസിയും വിജയം തന്നെയാവും ലക്ഷ്യം വക്കുക. കളിച്ച 5 കളികളിൽ 3 എണ്ണത്തിൽ ഡെൽഹി ജയിച്ചപ്പോൾ ചെന്നൈ ഒരണ്ണത്തിൽ ജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു. കണക്കുകളിലെ ഈ മുൻതൂക്കം കളത്തിൽ പ്രയോഗിക്കാനാവും ഡെൽഹി ശ്രമം. വൈകിട്ട് 7 മണിക്ക് സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും മത്സരം തൽസമയം കാണാം.

Advertisement