കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആയിരുന്ന സി കെ വിനീത് ചെന്നൈയിൽ

കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡായ സി കെ വിനീത് തന്റെ ചെന്നൈയിനിലേക്കുള്ള മാറ്റം ഉടൻ പൂർത്തിയാക്കിയേക്കും. സി കെ വിനീത് ഇന്ന് ചെന്നൈയിൽ വിമാനം ഇറങ്ങിയിട്ടുണ്ട്. ഇത് ചെന്നൈയിനൊപ്പമുള്ള കരാർ നടപടികൾ പൂർത്തിയാക്കി അവരോടൊപ്പം ട്രെയിനിങ് ആരംഭിക്കാൻ ആണ് എന്നാണ് സൂചനകൾ. നേരത്തെ തന്നെ സി കെ വായ്പാടിസ്ഥാനത്തിൽ ചെന്നൈയിനിലേക്ക് പോകും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

ഇന്ന് ചെന്നൈയിൽ എത്തിയ സി കെ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രീസീസൺ ട്രെയിനിങ് തുടങ്ങിയപ്പോഴും വിനീത് ടീമിനൊപ്പം ചേർന്നിരുന്നില്ല. എ എഫ് സി കപ്പിൽ പങ്കെടുക്കാൻ ഉള്ള ചെന്നൈയിൻ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സി കെ വിനീതിനെ ടീമിൽ എത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് സി കെ വിനീത്.

സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാൾ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരൻ. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രമുഖ താരങ്ങളൊക്കെ ക്ലബ് വിടും എന്ന സൂചനകൾക്കിടെ ആണ് സി കെ വിനീത് ചെന്നൈയിൽ എത്തിയിരിക്കുന്നത്.