വിമർശനങ്ങൾക്കെതിരെ സികെയുടെ ഒരു ബുള്ളറ്റ് ഹെഡർ!!

- Advertisement -

വിമർശനങ്ങളിലും പ്രതിസന്ധികളിലും ഒരിക്കലും തളരാത്ത ഒരു പോരാട്ട വീര്യം സികെ വിനീത് എന്ന കണ്ണൂരിന്റെ പോരാളിക്ക് ഉണ്ട്. കഴിഞ്ഞ സീസൺ അവസാനത്തിൽ തന്റെ ജോലി പോയതും അത് വിവാദമായി മാറുകയും ഒക്കെ ചെയ്തപ്പോൾ അതിൽ നിന്ന് സികെ തിരികെ വന്നത് ആരും മറന്നു കാണില്ല.

അന്ന് ഫെഡറേഷൻ കപ്പ് ഫൈനലിൽ സബ്ബായി ഇറങ്ങി ഇരട്ട ഗോളുകൾ നേടി ബെംഗളൂരു എഫ് സിക്ക് കിരീടം നേടികൊടുത്തായിരുന്നു വിനീത് തിരികെ വന്നത്. ഇന്നും മാറ്റമില്ല. ആദ്യ നാലു മത്സരങ്ങളിൽ കേരളത്തിന് ജയമില്ലാതിരുന്നപ്പോൾ വിമർശനങ്ങൾ എല്ലാ കളിക്കാർക്കു നേരെയും ഉയർന്നു. ഒപ്പം കേരളത്തിന്റെ കഴിഞ്ഞ സീസണിലെ ഹീറോ ആയ സി കെയ്ക്ക് എതിരെയും ഉയർന്നത്.

ആരാധകരിൽ ചിലർ വിനീതിനെ സാമൂഹിക മാധ്യമങ്ങളിൽ സ്വകാര്യ സന്ദേശങ്ങൾ അയച്ചു വരെ വിമർശിച്ചു. എല്ലാം മനസ്സുകൊണ്ട് അംഗീകരിച്ച് കൊണ്ട് സികെ വീണ്ടും പ്രയത്നിച്ചു. അവസാന മത്സരത്തിൽ ചുവപ്പ് കാരണം പുറത്തിരുന്ന സികെ ഇന്ന് തന്റെ മികവിലേക്കുള്ള ചുവട് ഉറപ്പിക്കുക ആയിരുന്നു.

24ആം മിനുട്ടിലാണ് സി കെ വിനീതിന്റെ നിമിഷം എത്തിയത്. വലതു വിങ്ങിൽ നിന്ന് റിനോ ആന്റോയുടെ അളന്നു കുറിച്ച ക്രോസ്. ഉയർന്നു ചാടി ഉജ്ജല ഹെഡറിലൂടെ സികെയുടെ ഈ സീസണിലെ ആദ്യ ഗോൾ. ഒരു ഗോൾ മതി സി കെ വിനീത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരാൻ എന്ന് റെനെ മുളൻസ്റ്റീൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതാണ് ആ ഗോളിനു ശേഷം കണ്ടതും. സി കെയുടെ ഇതേ ഫോം ഇനിയും തുടരും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement