ഹാട്രിക്ക് ഛേത്രി!!, ക്യാപ്റ്റന്റെ തോളിലേറി ബെംഗളൂരു എഫ് സി ഫൈനലിൽ

- Advertisement -

അങ്ങനെ ആദ്യ ഐ എസ് എല്ലിൽ തന്നെ ബെംഗളൂരു എഫ് സി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ തോളിലേറിയാണ് ബെംഗളൂരു ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പൂനെ സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളൂരിവിന്റെ മുന്നേറ്റം. ബെംഗളൂരുവിന്റെ മൂന്ന് ഗോളുകളും ഛേത്രിയുടെ വകയായിരുന്നു.

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പാദ സെമിക്ക് ശേഷം കണ്ടീരവയിൽ എത്തിയ ടീമുകളെ നിറഞ്ഞ സ്റ്റേഡിയമാണ് സ്വീകരിച്ചത്. എവേ ടീമായ പൂനെ ആയിരുന്നു തുടക്കത്തിൽ മുന്നേറ്റങ്ങൾ നടത്തിയത്. പക്ഷെ ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി ആ ആക്രമണങ്ങൾക്ക് മുന്നിൽ അവതരിച്ചു. പതിനഞ്ചാം മിനുട്ടിൽ പൂനെ ഡിഫൻസിന്റെ പിഴവ് മുതലെടുത്തായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ.

ഗോളിന് ശേഷം കളി വരുതിയിലാക്കിയ ബെംഗളൂരു രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി സ്പോട്ടിൽ നിന്ന് ഗോൾ കീപ്പറെ ചിപ് ചെയ്ത് കൊണ്ട് ഛേത്രി തന്നെയാണ് ഗോൾ നേടിയത്. കളി കൈവിട്ട് എന്ന് കരുതി പൂനെ സിറ്റി നിൽക്കുമ്പോഴാണ് സൂപ്പർ സബ് ആയി എത്തിയ ജോണത്താൻ ലൂക്ക ഒരു ഗംഭീര ഫ്രീ കിക്കിലൂടെ പൂനെയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

82ആം മിനുട്ടിലെ പൂനെ ഗോൾ ബെംഗളൂരുവിന് സമ്മർദ്ദത്തിന്റെ നിമിഷങ്ങളാണ് അവസാനം നൽകിയത്. സമനില നേടിയെങ്കിൽ എവേ ഗോൾ നിയമപ്രകാരം പൂനെ സിറ്റിക്ക് ഫൈനലിലേക്ക് എത്താമായിരുന്നു. പക്ഷെ പൂനെയുടെ അറ്റാക്കിംഗ് ശ്രമത്തിനിടെ ഒരു കൗണ്ടർ അറ്റാക്കിലൂടെ പൂനെ ഡിഫൻസിനെ കീറിമുറിച്ച് ഛേത്രി തന്റെ ഹാട്രിക്കും ഫൈനലും ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement