ഛേത്രി കരുത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ മുംബൈ ഇന്ന് പൂനെക്കെതിരെ

- Advertisement -

ലീഗിൽ ഒന്നാമതുള്ള മുംബൈ ടീമിൽ എ.എഫ്.സി കപ്പ് ഫൈനൽ കഴിഞ്ഞെത്തുന്ന ബാഗ്ലൂർ താരങ്ങൾ കൂടി ചേരുമ്പോൾ ടീം സുശക്തമാകും. 4 താരങ്ങളാണ് മുംബൈ ടീമിനൊപ്പം ചേരുന്നത്. സുനിൽ ഛേത്രി, ഉദാന്ത സിങ്, അമരീന്ദർ സിങ്, ലാൽച്ചുൻമാവിയ ഫന തുടങ്ങിയ താരങ്ങൾ എല്ലാവരും ഇന്നത്തെ മഹാരാഷ്ട്ര ഡർബി കളിക്കുമെന്നുറപ്പില്ല. എങ്കിലും മികച്ച ഫോമിലുള്ള മുംബൈക്ക് ഇവരുടെ സാന്നിധ്യം നല്ല ഊർജ്ജം തന്നെ പകരും.

പരിക്ക് കാരണം എ.എഫ്.സി കപ്പ് ഫൈനലിൽ ബാംഗ്ലൂറിനായി കളിക്കാനാവാത്ത ഗോൾ കീപ്പർ അമരീന്ദർ സിങ് ഇന്ന് കളിക്കുമെന്നുറപ്പില്ല. പ്രതിരോധത്തിൽ റൊമാനിയൻ താരം ഗോയനും അൻവർ അലിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മികച്ച മധ്യനിരയാണ് മുംബൈക്ക് ഉള്ളത്. ലിയോ കോസ്റ്റ, ഡെഫഡറികോ എന്നിവർകൊപ്പം ഉദാന്ത സിങ് എത്തുന്നത് ടീമിന് കരുത്താവും. ഉജ്ജ്വല ഫോമിലുള്ള സോണി നോർദക്കും മാർക്വീ താരം ഫോർലാനും ഒപ്പം സുനിൽ ഛേത്രി കൂടി ചേരുമ്പോൾ മുംബൈ മുന്നേറ്റം സ്വപ്നസമാനമാകും. സീസൺ ആദ്യം മുതൽ ആരാധകർ കാത്തിരിക്കുന്ന ഫോർലാൻ, ഛേത്രി സഖ്യത്തിലാവും ഇന്ന് എല്ലാവരുടേയും കണ്ണകള്‍.

മറുവശത്ത് പൂനെ ഫോമിലേക്ക് തിരിച്ച് വരുന്ന സൂചനകൾ നൽകുന്നുണ്ട്. 7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള അവർ ലീഗിൽ 7 സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്തയെ തോൽപ്പിക്കാനായത് അവർക്ക് ഊർജ്ജം പകരുന്നു. സീസണിൽ ഇത് വരെ എവേ മത്സരങ്ങളിൽ തോൽവി അറിയാത്തത് ഹെബ്ബാസിന് നല്ല സൂചന നൽകുന്നു. എന്നാൽ ഇത് വരെ ഒരു ക്ലീൻ ഷീറ്റ് പോലും കണ്ടത്താനാവാത്ത പ്രതിരോധമാണ് അവരുടെ പ്രശ്നം. വിജയം പൂനയെ ആദ്യ നാലിലെത്തിക്കും.

ബെറ്റേ വല കാക്കുമ്പോൾ ഫെരേരകൊപ്പം രാഹുൽ ബെക്കെ, നാരായൺ ദാസ് എന്നിവരടങ്ങിയ പ്രതിരോധത്തിന് പരിചയക്കുറവാണ് വില്ലനാകുന്നത്. മികച്ച മുംബൈ മുന്നേറ്റത്തിനെതിരെ പിടിപ്പത് പണിയാവും ഇവർക്ക്. എൻഡോയ ആവും മുന്നേറ്റത്തിലിറങ്ങുക. മധ്യനിരയിൽ മാർക്വീ താരം മുഹമ്മദ് സിസോക്കോ, ലെനി റോഡിഗ്രസ്, സഞ്ചു പ്രഥാൻ, അറാറ്റ ഇസുമി എന്നിവർക്കൊപ്പം ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച മധ്യനിര താരം യൂജിസൺ ലിങ്ദോ ടീമിലെത്തുന്നത് പൂനെക്ക് വലിയ കരുത്താവും. എ.എഫ്.സി കപ്പിൽ ബാഗ്ലൂറിനായി എല്ലാ കളിയിലും മികച്ച പ്രകടനമാണ് യൂജിസൺ ലിങ്ദോ പുറത്തെടുത്തത്. ആ ഫോം സൂപ്പർ ലീഗിൽ ലിങ്ദോക്ക് ആവുമെന്നാണ് പൂനെ പ്രതീക്ഷ.

സീസണിലെ ആദ്യ മഹാരാഷ്ട്ര ഡർബിയിൽ ഫോർലാൻ്റെ ഗോളിൽ വിജയം മുംബൈക്ക് ഒപ്പമായിരുന്നു. മികച്ച ഒരു മത്സരം തന്നെ മുംബൈയിൽ ഇന്ന് പ്രതീക്ഷിക്കാം. വൈകീട്ട്‌ 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement