
ചെന്നൈയിൻ എഫ്.സിക്കെതിരെ ആദ്യ ജയം തേടി പൂനെ സിറ്റി എഫ്.സി ഇന്നിറങ്ങും. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. തുടർച്ചയായ മൂന്നാമത്തെ വിജയം ലക്ഷ്യം വെച്ചാണ് പൂനെ ഇറങ്ങുക. എ.ടി.കെയും മുംബൈ സിറ്റി എഫ്.സിയെയും തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പൂനെ ഇറങ്ങുക. അതെ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ചാണ് ചെന്നൈയിൻ എഫ്.സിയുടെ വരവ്.
നാല് ഗോളുമായി മികച്ച ഫോമിലുള്ള എമിലാനോ അൽഫാറോ ആണ് പൂനെയുടെ തുറുപ്പുചീട്ട്. എമിലാനോക്ക് കൂട്ടായി മർസെലിഞ്ഞോയും ഡിയേഗോ കാർലോസും ചേരുന്നതോടെ ആദ്യമായി പ്ലേ ഓഫിൽ എത്താമെന്ന പൂനെയുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കും.
ചെന്നൈ ആവട്ടെ റാഫേൽ അഗസ്റ്റോയുടെയും ഗ്രിഗറി നെൽസന്റെയും ആക്രമണത്തെ മുൻനിർത്തിയാവും മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തിൽ മൂന്ന് ഗോൾ വഴങ്ങിയ ചെന്നൈയിൻ പ്രധിരോധം മികച്ച ഫോമിലുള്ള പൂനെ ആക്രമണ നിരയെ എങ്ങനെ തടഞ്ഞു നിർത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരം നിർണ്ണയിക്കപ്പെടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial