എവേ ഗോളിന്റെ ആനുകൂല്യവുമായി ചെന്നൈയിൻ ഇന്ന് ഗോവക്കെതിരെ

ഐ എസ് എൽ സീസണിലെ രണ്ടാമത്തെ സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ചെന്നൈയിൻ എഫ് സി – എഫ് സി ഗോവയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്‌സരം. ആദ്യ പാദം 1 -1 ന് സമനിലയിലായിരുന്നെങ്കിലും ഗോവയിൽ വെച്ച് എവേ ഗോൾ നേടിയ ചെന്നൈയിന് ആണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഒരു ഗോൾ രഹിത സമനില പോലും ചെന്നൈയിന് ഫൈനലിലേക്കുള്ള വഴി തുറന്നു കൊടുക്കും.

ആദ്യ പാദത്തിൽ അനിരുദ്ധ് താപ്പയാണ് ഗോവയിൽ ചെന്നൈയിന് വേണ്ടി എവേ ഗോൾ നേടി കൊടുത്തത്. ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോവ ജയിച്ചിരുന്നു. അന്നത്തെ മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്ന് ഗോൾ നേടി മുൻപിലെത്തിയ ഗോവ രണ്ടാം പകുതിയിൽ ചെന്നൈയിന്റെ മികച്ച തിരിച്ചു വരവ് കണ്ടെങ്കിലും സമനിലക്ക് ഒരു ഗോൾ അകലെ വെച്ച് മത്സരം കൈവിടുകയായിരുന്നു.

എഫ് സി ഗോവക്ക് ചെന്നൈയിനെ മറികടന്ന് ഫൈനലിലെത്താൻ മത്സരത്തിൽ ഗോൾ കൂടിയേ തീരു. ആദ്യ പാദ മത്സരത്തിൽ ഗോവയിൽ വെച്ച് ഗോൾ വഴങ്ങിയതാണ് ഗോവക്ക് വിനയായത്. അതെ സമയം ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോവ ചെന്നൈയിൻ തീർക്കുന്ന പ്രതിരോധം മറികടന്ന് ഗോൾ നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഗോൾ പോസ്റ്റിനു മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലക്ഷ്മികാന്ത് കട്ടിമണിയുടെ പ്രകടനം ഇത്തവണയും ഗോവയുടെ രക്ഷക്കെത്തുമെന്നാണ് കോച്ച് ലോബേറയുടെ പ്രതീക്ഷ.

മത്സരത്തിലെ വിജയികൾ ഫൈനലിൽ ബെംഗളൂരു എഫ് സിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial