ഗോവൻ കുതിപ്പ് അവസാനിച്ചു, ഇനി ചെന്നൈയിൻ vs ബെംഗളൂരു ഫൈനൽ

- Advertisement -

ഐ എസ് എൽ 2017-18 സീസണിലെ കിരീട പോരാട്ടത്തിന് ചെന്നൈയിൻ എഫ് സി യോഗ്യത നേടി. ഇന്ന് നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ എഫ് സി ഗോവയെ തകർത്താണ് ചെന്നൈയിൻ ഫൈനലിലേക്ക് കുതിച്ചത്. മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ ഗോവയെ തോൽപ്പിച്ചത്. അഗ്രിഗേറ്റിൽ 4-1 എന്ന് സ്കോറിനാണ് സെമിഫൈനൽ ചെന്നൈ കടന്നത്.

ആദ്യ പകുതിയിൽ പിറന്ന രണ്ട് ഹെഡർ ഗോളുകളാണ് ഗോവ പ്രതീക്ഷകൾ തകർത്തത്. തുടക്കത്തിൽ എഫ് സി ഗോവ ആയിരുന്നു കളി മികച്ച രീതിയിൽ തുടങ്ങിയത്. പക്ഷെ 26ആം മിനുട്ടിൽ കളിയുടെ ഗതി മാറി. ജെജെയാണ് ഒരു ഫ്രീ ഹെഡറിലൂടെ ചെന്നൈക്ക് ലീഡ് കൊടുത്തത്. ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ചെന്നൈ മൂന്ന് മിനുട്ടുകൾക്കകം വീണ്ടും ലക്ഷ്യം കണ്ടു.

ധൻപാൽ ഗണേഷായിരുന്നു രണ്ടാമത്തെ ഗോൾ നേടിയത്. രണ്ട് ഗോൾ നേടിയതോടെ ഡിഫൻസിലൂന്നി ഫൈനലിലേക്കുള്ള വഴി തെളിക്കാൻ ചെന്നൈയിനായി. ഒപ്പം കരൺജിതിന്റെ മികച്ച പ്രകടനവും ചെന്നൈക്ക് രക്ഷയായി. മികച്ച നിരവധി സേവുകളാണ് കരൺജിത് ഇന്ന് ക്രോസ് ബാറിന് കീഴിൽ നടത്തിയത്. കളിയുടെ അവസാന നിമിഷം ജെജെ തന്റെ രണ്ടാം ഗോളോടെ ഗോവയുടെ അവസാനവും ഉറപ്പിച്ചു.

ചെന്നൈയിൻ എഫ് സി യോഗ്യത നേടുന്ന രണ്ടാം ഫൈനലാണിത്. ആദ്യം ഫൈനലിൽ എത്തിയപ്പോൾ ചെന്നൈയിൻ കിരീടം ഉയർത്തിയിരുന്നു. മാർച്ച് 17ന് ബെംഗളൂരുവിൽ വെച്ച് ബെംഗളൂരു എഫ് സിയുമായാണ് ഫൈനൽ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement