പ്ലേ ഓഫ് സ്വപ്നം തേടി ചെന്നൈയും പൂനെയും

- Advertisement -

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും പൂനെ സിറ്റി എഫ് സിയും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നഷ്ട്ടപ്പെടുന്ന ഓരോ പോയിന്റും തങ്ങളുടെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കുമെന്ന് ഇരുടീമുകൾക്കും അറിയാം. രണ്ടു ടീമുകൾക്കും വിജയം അനിവാര്യമായ ഈ ഘട്ടത്തിൽ മത്സരം കടുത്തതാവും.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാത്ത ചെന്നൈ ജയം മാത്രം ലക്ഷ്യമാക്കിയാവും പൂനെക്കെതിരെ ഇന്നിറങ്ങുക. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ കേരളത്തിനോടേറ്റ കനത്ത പരാജയം മറികടക്കാൻ മറ്റെരാസിയുടെ ടീമിന് വിജയം കൂടിയേ തീരു. മുൻവർഷങ്ങളിലേത് പോലെ എലേനോയെ പോലെയോ മെൻഡോസയെ പോലെയോ ഉള്ള ഒരു മാച്ച് വിന്നർ ഇല്ല എന്നുള്ളതാണ് മറ്റരാസി നേരിടുന്ന പ്രധാന പ്രശ്നം. ബെർണാഡ് മെൻഡിയെ ഇറക്കിയതോടെ ലെഫ്റ് വിങ്ങിലുള്ള പ്രശ്നം ഒരു പരിധിവരെ കുറഞ്ഞെങ്കിലും കേരളത്തിനെതിരെ ജയേഷ് റാണെയുടെയും ബൽജിത് സാഹ്നിയുടെയും പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. ഗോൾ കീപ്പർമാരുടെ നിസാരമായ തെറ്റുകൾ ഗോളുകളിലേക്കു വഴി തെളിയിക്കുന്നതും മറ്റരാസിക്ക് തല വേദനയാവും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ  7 ഗോളുകളടക്കം 14 ഗോളുകൾ വഴങ്ങിയ പ്രതിരോധവും ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാവും.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ചാണ് പൂനെയുടെ വരവ്. ശക്തരായ മുംബൈയെയും കൊൽക്കത്തയെയും തോൽപിച്ച ആത്മവിശ്വാസത്തിൽ ആണ് പൂനെ ഇന്ന് ഇറങ്ങുന്നത്. 9 കളികളിൽ നിന്ന് 12 പോയിന്റ് നേടി പൂനെ  അഞ്ചാം സ്ഥാനത്താണ്.  പക്ഷെ പൂനെക്കു ഇതുവരെ ചെന്നൈക്കെതിരെ ഐ എസ് എല്ലിൽ ഒരു വിജയം നേടാൻ ആയിട്ടില്ല. ഇതുവരെയുള്ള കളികളിൽ ടീമിന്റെ നെടുംതൂണായ പ്രതിരോധം ചെന്നൈക്കെതിരെ കാത്തിരുന്ന വിജയം നേടി തരുമെന്ന് അന്റോണിയോ ഹബാസ് പ്രതീക്ഷ വെക്കുന്നു. 2016 ഐ എസ ല്ലിലെ ഏറ്റവും മികച്ച പ്രധിരോധ താരം എഡുആർഡോ പെരേര തന്നെയാവും പൂനെയുടെ വൻ മതിൽ. മികച്ച ഫോമിലുള്ള മാർക്വീ താരം സിസോക്കോയുടെ പ്രകടനവും വിജയം സ്വപ്‍നം കാണാൻ പുനെയെ പ്രേരിപ്പിക്കും. വേഗത കുറഞ്ഞ ചെന്നൈ പ്രധിരോധ നിര തകർക്കാൻ ട്രയോറെയെയും ജീസസ് റ്റാറ്റോയുടെയും  വേഗത ഹബാസ് ഉപയോഗപ്പെടുത്തും. പ്ലേ ഓഫിന് യോഗ്യത നേടണമെങ്കിലും വിജയം അനിവാര്യമാണെന്ന് ഹബാസിന് അറിയാം. 2016 ഐ എസ് എല്ലിൽ എവേ മാച്ച് മത്സരത്തിൽ ഒന്നിൽ പോലും തോറ്റിട്ടില്ലെങ്കിലും ബാക്കിയുള്ള അഞ്ചു മത്സരങ്ങളിൽ നാലും എവേ മത്സരങ്ങൾ ആണെന്നത് പൂനെക്കു തിരിച്ചടിയായേക്കും.

Advertisement