ഉയർത്തെഴുന്നേൽക്കാൻ ചെന്നൈയിൻ എഫ് സി; സീസൺ പ്രിവ്യൂ

- Advertisement -

കഴിഞ്ഞ സീസൺ;

ചാമ്പ്യന്മാരായി കഴിഞ്ഞ സീസണിലേക്ക് കാലെടുത്തു വെച്ച ചെന്നൈയിന് തൊട്ടതെല്ലാം ആ സീസണിൽ പിഴച്ചിരുന്നു. 2016ൽ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച മെൻഡോസയെയും ഗോൾ കീപ്പർ എഡലിനേയും നഷ്ടപെട്ട ചെന്നൈയിന് കഴിഞ്ഞ സീസണിൽ 2015-16ൽ ചാമ്പ്യന്മാരായ ചെന്നൈയിന്റെ നിഴലുപോലും ആകാൻ കഴിഞ്ഞില്ല.

14 മത്സരങ്ങളിൽ വെറും മൂന്നു ജയം മാത്രമായിരുന്നു മെറ്റരസിക്കും സംഘത്തിനും കഴിഞ്ഞ സീസണിൽ നേടാനായത്. കഴിഞ്ഞ സീസണിൽ ഏറ്റവും കുറവ് വിജയം എന്ന റെക്കോർഡും ചെന്നൈയിനായിരുന്നു. അവസാന സ്ഥാനത്തുള്ള ഗോവയ്ക്കു ഒരു പോയന്റ് മാത്രം മുകളിൽ ഏഴാം സ്ഥാനത്ത് ആണ് ചെന്നൈയിൻ ലീഗ് അവസാനിപ്പിച്ചത്. മൂന്നു വർഷം ചെന്നൈയിന് തന്ത്രങ്ങൾ മെനഞ്ഞ മാർകോ മറ്റെരിസിക്ക് പുറത്തേക്കുള്ള വഴിയും ആ‌ സീസണിലെ പ്രകടനങ്ങൾ ഒരുക്കി.

 

2017-18 സീസൺ;

മറ്റെരസിക്കു പകരക്കാരനായി എത്തിയിരിക്കുന്ന ജോൺ ഗ്രിഗറിക്കാണ് ചെന്നൈയിൻ ഈ സീസണായുള്ള പങ്കായം കൊടുത്തിരിക്കുന്നത്. മുൻ ആസ്റ്റൺ വില്ല മാനേജറാണ് ഗ്രിഗറി. ടീമിന്റെ ടെക്നിക്കൽ ഡയറക്ട്റായ സമീർ പാഷയുടെ സാന്നിദ്ധ്യം ഗ്രിഗറിക്ക് മാറ്റെരസിയുടെ വിടവാങ്ങൽ അറിയിക്കാതെ തന്നെ ടീമിനെ ഏറ്റെടുക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ താരങ്ങളെ നിലനിർത്തിയ ക്ലബാണ് ചെന്നൈയിൻ എഫ് സി. കരൺജിത്, ജെജെ എന്നീ സീനിയർ താരങ്ങൾക്കൊപ്പം യുവതാരങ്ങളായ ജെറിയേയും അനിരുദ്ധ് താപയേയും ചെന്നൈയിൻ ഡ്രാഫ്റ്റിനു മുമ്പ് തന്നെ നിലനിർത്തി. ജെറിയും താപെയും സീനിയർ സ്ക്വാഡിന്റെ തന്നെ ഭാഗമാകും.

സ്ക്വാഡ് വിശകലനം:

ഗോൾ കീപ്പർ:

വിദേശ താരങ്ങളുടെ എണ്ണം സ്റ്റാർട്ടിംഗ് ഇലവനിൽ കുറച്ചതു കൊണ്ടു തന്നെ മിക്ക ക്ലബുകളേയും പോലെ വിദേശ ഗോൾക്കീപ്പറെ ഉൾപ്പെടുത്താതെയാണ് ചെന്നൈയിനും വരുന്നത്. കരൺജിത് സിംഗ്, പവൻ കുമാർ, കേരള താരം ഷാഹിൻ ലാൽ എന്നിവരാണ് ചെന്നൈയിന്റെ വലകാക്കാൻ ഉള്ളത്. 2015 മുതൽ ചൈന്നൈയിനോടൊപ്പം ഉള്ള താരമാണ് കരൺജിത് സിംഗ്. 3 സീസണായി ചെന്നൈയോടൊപ്പം എങ്കിലും വെറും 13 മത്സരങ്ങളിൽ മാത്രമേ കരൺജിത് കളിച്ചിട്ടുള്ളൂ.

ഇത്തവണ ഒന്നാം നമ്പറായി പരിഗണിക്കുന്നത് കരൺജിതിനെ ആണെങ്കിലും മുൻ ബഗാൻ കീപ്പറായിരുന്ന പവൻ കുമാറിനും മലയാളി ഷാഹിൻലാലിനും അവരുടെ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും എന്നുതന്നെയാണ് പ്രതീക്ഷ.

ഡിഫൻസ്:

മൂന്നു വിദേശ താരങ്ങളാണ് ചെന്നൈയിന്റെ ഡിഫൻസിൽ ഉള്ളത്. മൈൽസൺ ആൽവേസ്, ഇനിഗൊ, ഹെൻറിക് സെറീനോ. ഈ മൂന്നു പേരിൽ രണ്ടുപേർ ആദ്യ ഇലവനിൽ എത്തും. 2015ൽ ചെന്നൈയിൻ ഡിഫൻസിൽ ഉണ്ടായിരുന്ന താരമാണ് ആൽവേസ്. ഐ എസ് എല്ലിൽ അവസാന രണ്ടു സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച ആൽവേസ് ആദ്യ ഇലവനിൽ എത്തും. ഇനിഗോയും സെറീനോയും ആയിരിക്കും രണ്ടാം സെന്റർബാക്ക് പൊസിഷനു വേണ്ടി മത്സരിക്കുക.

യുവ ഇന്ത്യൻ താരം ജെറി ലെഫ്റ്റ് ബാക്കായും മുൻ ചർച്ചിൽ ബ്രദേഴ്സ് ക്യാപ്റ്റൻ കീനൻ അൽമേഡ റൈറ്റ് ബാക്കായും ഇറങ്ങും. ഡിഫൻസിൽ ഇന്ത്യൻ താരങ്ങളായി ധനചന്ദ്ര സിംഗും കാർദോസോയും ബൽമുചുവും കൂടെ ഉണ്ട്.

മധ്യനിര:

ഇന്ത്യൻ യുവപ്രതീക്ഷകളായ ജർമൻ പ്രീത് സിംഗ്, അനിരുദ്ധ് താപ എന്നിവർക്ക് ചെന്നൈയിൻ മിഡ്ഫീൽഡിൽ അവസരം കിട്ടുമോ എന്നതാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. മിഡ്ഫീൽഡിൽ ഒരുപറ്റം മികച്ച വിദേശതാരങ്ങൾ ഉണ്ട് ചെന്നൈയിന്. മിഡ്ഫീൽഡിൽ ഇരുന്ന് ആക്രമണം നയിക്കാൻ കഴിവുള്ള ബ്രസീലിയൻ റാഫേൽ അഗസ്റ്റോ, നമ്പർ 10 റോളിൽ കഴിവു തെളിയിച്ചിട്ടുള്ള മുൻ സ്ലൊവേനിയൻ ഇന്റർനാഷണൽ റെനെ മിഹെലിച്, ഇടതു വിങ്ങിൽ എടികെയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഗവിലിയൻ, നെതർലാണ്ട് യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഗ്രിഗറി നെൽസൺ എന്നിവർ ചെന്നൈയിൻ മിഡ്ഫീൽഡിൽ ഉണ്ട്.

ഇന്ത്യൻ മധ്യനിരയും മികച്ചതാണ്, ബിക്രംജിത് എന്ന മിഡ്ഫഡ് ഹോൾഡ് ചെയ്യാൻ കഴിവുള്ള താരത്തിനൊപ്പം, തന്റെ പ്രൈം കഴിഞ്ഞു എങ്കിലും എന്നും മികച്ച ഫുട്ബോൾ മാത്രം കാഴ്ചവെച്ചിട്ടുള്ള ധൻപാൽ ഗണേഷ്, വേഗത കൊണ്ട് തിളങ്ങുന്ന തോയ് സിംഗ്, ഒപ്പം യുവ പ്രതീക്ഷകളായ ജെർമൻ പ്രീതും, അനിരുദ്ധ് താപയും. മിഡ്ഫീൽഡിൽ ആരെ ഇറക്കും എന്നതു തന്നെയാകും പുതിയ കോച്ചിന്റെ ഏറ്റവും വലിയ വെല്ലുവിളിയും.

ഫോർവേഡ്:

ഈ സീസണിൽ താരമായേക്കും എന്ന് നിരീക്ഷകർ വിലയിരുത്തുന്ന ജൂഡ് ന്വോറയാണ് മുന്നേറ്റ നിരയിലെ ശ്രദ്ധേയ കേന്ദ്രം.ടെൽ അവിവ് പോലെയുള്ള മികച്ച ക്ലബുകളിൽ കളിച്ചാണ് ഈ നൈജീരിയൻ താരം വരുന്നത്. മെൻഡോസയെ പോലെ ഐ എസ് എല്ലിൽ ജൂഡും വിപ്ലവം സൃഷ്ടിക്കും എന്നാണ് ചെന്നൈയിൻ ആരാധകർ കരുതുന്നത്.

ജൂഡിനെ കൂടാതെ ഗ്രിഗറി നെൽസണും മിഡ്ഫീൽഡ് വിട്ട് അറ്റാക്കിംഗ് ലൈനിൽ എത്താൻ സാധ്യത ഉണ്ട്. ചെന്നൈയുടെ ഏറ്റവും വലിയ ഇന്ത്യൻ താരം ജെജെയാണ് അറ്റാക്കിംഗിൽ ഉള്ള ഇന്ത്യൻ പ്രതീക്ഷ. ജെജെയും ജൂഡും തമ്മിൽ ഉള്ള കൂട്ടുകെട്ട് തന്നെയാകും എല്ലാവരും ഉറ്റുനോക്കുന്നതും. മലയാളികളുടെ അഭിമാനമായ മുഹമ്മദ് റാഫിയും ചെന്നൈയിൻ സ്ട്രൈക്കറായുണ്ട്. പ്രീസീസണിൽ മികച്ച പ്രകടനം നടത്തിയ റാഫി കോച്ച് ജോൺ ഗ്രിഗറിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കണം. യുവതാരം ബൗറിംഗ്ദൊ ബോഡോയും ചെന്നൈയിൻ അറ്റാക്കിൽ ഉണ്ട്.

പ്രീസീസൺ;

തായ്ലാന്റിലായിരുന്നു ചെന്നൈയിൻ എഫ് സിയുടെ പ്രീസീസൺ മത്സരം. മൂന്നു മത്സരങ്ങൾ തായ്ലാന്റിൽ കളിച്ച ചെന്നൈയിൻ ഒന്നിൽ മാത്രമെ വിജയിച്ചുള്ളൂ. ഇന്ത്യയിൽ തിരിച്ചെത്തിയ ചെന്നൈയിൻ ഐലീഗ് ചാമ്പ്യന്മാരായ ഐസോളുമായും സൗഹൃദ മത്സരം കളിച്ചു. ഐസോളിനെ മുഹമ്മദ് റാഫി നേടിയ ഏകഗോളിനാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement