ഒപ്പത്തിനൊപ്പം ചെന്നൈയും നോര്‍ത്തീസ്റ്റും

- Advertisement -

മറീന ആരീനയില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ഒപ്പത്തിനൊപ്പം ചെന്നൈയും നോര്‍ത്തീസ്റ്റും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ 25000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ ഗോള്‍മഴ തീര്‍ത്ത് ഇരുടീമുകളും നിറഞ്ഞാടിയപ്പോള്‍ 3-3 നു സമനില പിരിയുകയായിരുന്നു ചെന്നൈയും ഹൈലാന്‍ഡേഴ്സും. ചെന്നൈ ആരാധകരെ നിരാശയിലാഴ്ത്തുന്നൊരു ഫലമാണ് മറീന അരീനയില്‍ അവര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. മൂന്ന് തവണ ലീഡ് നേടിയ അവരെ നോര്‍ത്തീസ്റ്റ് മൂന്ന് തവണയും സമനില പിടിക്കുകയായിരുന്നു. ഡുഡുവിന്റെ ഹാട്രിക്കും നികോ വെലസിന്റെ ഇരട്ട ഗോളും കണ്ട മത്സരത്തില്‍ എന്നാല്‍ ഹൈലാന്‍ഡേഴ്സിന്റെ ഹീറോ ആയി മാറിയത് ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം തകര്‍പ്പനൊരു ഹെഡ്ഡര്‍ ഗോള്‍ നേടിയ ഷൗവിക് ഘോഷ് ആണ്.

മത്സരം തുടങ്ങി മിനുട്ടുകള്‍ക്കകം ഡേവിഡ് സൂച്ചിയുടെയും റീസയുടെയും ഗോള്‍ ശ്രമങ്ങളാണ് മറീന അരീന സാക്ഷ്യം വഹിച്ചത്. എന്നാല്‍ സുബ്രത പോള്‍ മികച്ചൊരു സേവിലൂടെ പന്ത് ബാറിനു മുകളിലേക്ക് തട്ടിയിടുകയായിരുന്നു. 22ാം മിനുട്ടില്‍ റോമാരിക് എടുത്തൊരു ഫ്രീകിക്കായിരുന്നു മത്സരത്തില്‍ സന്ദര്‍ശകരുടെ ആദ്യ ശ്രമം. എന്നാല്‍ കരണ്‍ജിത് അത് സേവ് ചെയ്യുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം റോമാരിക് എടുത്ത മറ്റൊരു ഫ്രീകിക്ക് മെയില്‍സണ്‍ ഹെഡ് ചെയ്തെങ്കിലും കരണ്‍ജിത് വീണ്ടും രക്ഷകനായി. മത്സരത്തിന്റെ കടിഞ്ഞാല്‍ നോര്‍ത്തീസ് കൈയ്യടക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് 34ാം മിനുട്ടില്‍ ഡുഡു മെഹ്റാജ് വാഡൂ നല്‍കിയ മികച്ചൊരു ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കിയത്. 38ാം മിനുട്ടില്‍ നികോ വെലെസ് തന്റെ പ്രതിഭ പുറത്തെടുത്ത് മികച്ചൊരു ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ കരണ്‍ജിത്തിനെ നോക്കുകുത്തിയായി നിര്‍ത്തി ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ തന്റെ രണ്ടാം ഗോള്‍ നേടി ഡുഡു ഇടവേളയ്ക്ക് പിരിയുമ്പോള്‍ ചെന്നൈയ്ക്ക് 2-1 ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതി തുടങ്ങി ആറു മിനുട്ടുകള്‍ക്ക് ശേഷം ചെന്നൈ ബോക്സില്‍ നടന്നൊരു കൂട്ടപ്പൊരിച്ചിലിനൊടുവില്‍ നികോ വെലെസ് എടുത്ത ഗോള്‍ കരണ്‍ജിത്തിനെ മറികടന്ന് ഗോള്‍ വലയില്‍ കടക്കുകയായിരുന്നു. ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചപ്പോള്‍ മത്സരം ഇടയ്ക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങി. 77ാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ സുബ്രത പോളിനു പരിക്കേറ്റതിനാല്‍ ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ഗോള്‍ വലകാക്കുന്നതിനായി മലയാളി താരം രഹനേഷ് ടിപി കളത്തിലിറങ്ങി. മിനുട്ടുകള്‍ക്ക് ശേഷം 81ാം മിനുട്ടില്‍ ബെര്‍ണാഡ് മെന്‍ഡി നല്‍കിയ ക്രോസ് ഗോള്‍ വലയിലേക്കാക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടെങ്കിലും ഡുഡുവിന്റെ കാലില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ സീസണിലെ രണ്ടാം ഹാട്രിക്കിനു ചെന്നൈ സാക്ഷ്യം വഹിച്ചു.

പത്ത് മിനുട്ടുകള്‍ മാത്രം അവശേഷിക്കേ ഗോള്‍ മടക്കുവാനുള്ള നോര്‍ത്തീസ്റ്റിന്റെ തീവ്ര ശ്രമത്തെ എന്ത് വിലയും കൊടുത്ത് ചെന്നൈ ചെറുത്തപ്പോള്‍ മത്സരം ചില സമയത്ത് ഉന്തും തള്ളിലേക്കെത്തിച്ചേര്‍ന്നു. സ്റ്റോപ്പേജ് ടൈമില്‍ നികോ വെലെസിന്റെ ശ്രമം ഗോള്‍ ലൈന്‍ സേവിലൂടെ സാബിയ തട്ടിയകറ്റിയെങ്കിലും തൊട്ടടുത്ത നിമിഷം മികച്ചൊരു ഹെഡ്ഡറിലൂടെ ഷൗവിക് ഘോഷ് നോര്‍ത്തീസ്റ്റിനു മികച്ചൊരു സമനില നേടിക്കൊടുക്കുകയായിരുന്നു.

ലീഗില്‍ 15 പോയിന്റുകളുള്ള നോര്‍ത്തീസ്റ്റ് അഞ്ചാമതും ചെന്നൈ ഏഴാമതുമാണ്. ചെന്നൈയ്ക്ക് ഒരു മത്സരം ശേഷിക്കുമ്പോള്‍ നോര്‍ത്തീസ്റ്റിനു രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇത്രയും തന്നെ പോയിന്റുകളുള്ള പൂനെയ്ക്കും ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.

ഹാട്രിക്ക് നേടിയ ചെന്നൈയുടെ ഡുഡുവിനെയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

Advertisement