ബെംഗളൂരു കോട്ടകൾ തകർന്നു, ചെന്നൈയിന് രണ്ടാം ഐ എസ് എൽ കിരീടം

ചരിത്രം ഐ എസ് എല്ലിൽ ആവർത്തിച്ചു, ഐ എസ് എല്ലിൽ ലീഗിൽ ഒന്നാമത് എത്തിയ ടീമുകൾ കിരീടം ഉയർത്താറില്ല എന്ന ചരിത്രം ആവർത്തിച്ചു കൊണ്ട് ബെംഗളൂരു എഫ് സിയെ മറികടന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ചെന്നൈയിൻ ഐ എസ് എൽ കിരീടം ഉയർത്തി. ഇന്ന് ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ബെംഗളൂരു സ്വന്തം കാണികൾക്ക് മുന്നിൽ ഏറ്റുവാങ്ങിയത്.

അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസവുമായായിരുന്നു ബെംഗളൂരു ഇന്ന് കണ്ടീരവയിൽ തുടങ്ങിയത്. അതിന്റെ ഫലം ഒമ്പതാം മിനുട്ടിൽ ബെംഗളൂരുവിന് ലഭിക്കുകയും ചെയ്തു. ഒമ്പതാം മിനുട്ടിൽ ഉദാന്തയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോൾ. എന്നാൽ ഒരു ഗോൾ കണ്ടൊന്നും കിരീടപോരാട്ടത്തിൽ നിന്ന് പിന്മാറാൻ ചെന്നൈയിൻ ഒരുക്കമായിരുന്നില്ല.

17ആം മിനുട്ടിൽ മൈൽസൺ ആൽവേസിന്റെ തല ചെന്നൈയിനെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു. സെറ്റ് പീസ് ആകും കളിയുടെ ഗതി തീരുമാനിക്കുക എന്ന് രണ്ട് ടീമിന്റേയും മാനേജേഴ്സ് പറഞ്ഞതിൽ എത്തിക്കുക്കയായിരുന്നു മൈൽസൺ ആൽവേസിന്റെ തല. സെറ്റ് പീസ് ഒരിക്കൽ കൂടി കളിയുടെ നിർണായക നിമിഷമായി. ഹാഫ് ടൈമിന് തൊട്ടുമുമ്പ് മൈൽസൺ തന്നെ മറ്റൊരു ഹെഡറിലൂടെ ചെന്നൈയിനെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ഛേത്രിയും സംഘവും പരിശ്രമിച്ചു എങ്കിലും 67ആം മിനുട്ടിൽ ചെന്നൈയിന്റെ മൂന്നാം ഗോൾ കൂടെ പിറന്നതോടെ കപ്പ് ചെന്നൈയിലേക്ക് പോകുമെന്ന് ഉറപ്പാവുക ആയിരുന്നു. ജെജെയുടെ പാസിൽ നിന്ന് ഒരു മികച്ച ഫിനിഷിലൂടെ റാഫേൽ അഗസ്റ്റോ ആണ് ചെന്നൈയിന്റെ മൂന്നാം ഗോൾ നേടിയത്.

കളിയുടെ അവസാന നിമിഷങ്ങളിൽ ഛേത്രി ഒരു സുവർണ്ണാവസരം നഷ്ടമാക്കിയതോടെ ബെംഗളൂരു ആരാധാകർ നിരാശയിലായി. ഇഞ്ച്വറി ടൈമിൽ മികു ഒരു ഗോൾ മടക്കി കളി 3-2 എന്നാക്കിയത് ചെന്നൈക്ക് സമ്മർദ്ദ നിമിഷങ്ങൾ നൽകി. എന്നാൽ ഫൈനൽ വിസിൽ വരുമ്പോൾ ഐ എസ് എല്ലിലെ രണ്ടാം കിരീടം ചെന്നൈയിൻ ഉറപ്പിച്ചു.

രണ്ട് വർഷം മുമ്പ് എഫ് സി ഗോവയെ 3-2 എന്ന സ്കോറിന് തന്നെ പരാജയപ്പെടുത്തിയും ചെന്നൈയിൻ കിരീടം ഉയർത്തിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial