
കേരളത്തിന്റെ സ്വന്തം മുഹമ്മദ് റാഫി വലകുലുക്കിയ മത്സരത്തിൽ ചെന്നൈയിൻ തകർപ്പൻ ജയം. ഇന്ന് ചൈന്നൈ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്നുള്ള കരകയറൽ കൂടിയായി ചെന്നൈക്ക് ഇത്.
ഗോവയോടു പരാജയപ്പെട്ട ടീമിൽ നിന്ന് നാലു മാറ്റങ്ങളുമായാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങിയത്. അത് ആദ്യ പകുതിയിൽ തന്നെ ഫലം കാണുകയും ചെയ്തു. റാഫേൽ അഗസ്റ്റോയുടെ മാന്ത്രിക പ്രകടനമാണ് ആദ്യ കളി ചെന്നൈയുടെ വരുതിയിലാക്കിയത്. 11ആം മിനുട്ടിൽ അഗസ്റ്റോയുടെ ഗോൾ ശ്രമം മലയാളി താരം ഹക്കുവിന്റെ തലയിൽ തട്ടി ഓൺ ഗോളായതോടെയാണ് ചെന്നൈയിൻ മുന്നിൽ എത്തിയത്.
നിർഭാഗ്യകരമായ ആ നിമിഷത്തിൽ നിന്ന് ഹൈലാൻഡേഴ്സിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. 24ആം മിനുട്ടിൽ റാഫേൽ അഗസ്റ്റോ ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് രഹ്നേഷിനേയും കടന്ന് വലയിൽ എത്തിയതോടെ നോർത്ത് ഈസ്റ്റ് രണ്ടു ഗോളിന് പിറകിലായി. നോർത്ത് ഈസ്റ്റ് പിറകിൽ ആയി എങ്കിലും കളിയിലേക്ക് തിരിച്ചുവരാനോ പ്രത്യാക്രമണം നടത്താനോ നോർത്ത് ഈസ്റ്റിനായില്ല.
മുഹമ്മദ് റാഫിയുടെ ഗോൾ പിറന്നത് 84ആം മിനുട്ടിൽ ആയിരുന്നു. ആദ്യ മത്സരത്തിൽ അവസരം കിട്ടാതിരുന്ന റാഫി ഇന്ന് സബായി ഇറങ്ങി നിമിഷങ്ങൾക്കകം ആണ് വല കണ്ടെത്തിയത്. റാഫി സ്പെഷ്യൽ ആയ ഹെഡർ തന്നെയാണ് മറീന അരീനയിൽ കണ്ടത്. ചെന്നൈയിൻ ആദ്യമായാണ് മറീന അരീനയിൽ വെച്ച് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുന്നത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial