ആദ്യ നാലിലെത്താൻ ചെന്നൈയും നോർത്ത് ഈസ്റ്റും

- Advertisement -

ലീഗിൽ ആറാമതും ഏഴാമതും നിൽക്കുന്ന ഇരു ടീമുകൾക്കും ഏറ്റവും നിർണായകമായ പോരാട്ടമാവും ഇന്ന് നടക്കുക. മോശം ഫോമിലുള്ള ചാമ്പ്യന്മാരെ സംബന്ധിച്ച്‌ ഇന്ന് പരാജയം വഴങ്ങിയാൽ ഏതാണ്ട് സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പാണ്. അവസാനം കളിച്ച 5 ൽ 3 എണ്ണത്തിലും പരാജയം വഴങ്ങിയ അവർക്ക് 12 കളികളിൽ 14 പോയിൻ്റാണ് ഇപ്പോൾ ഉള്ളത്. ലീഗിൽ ഇപ്പോൾ 7 മതുള്ള അവർക്ക് ലീഗിലെ ആദ്യ ഹോം മത്സരത്തിന് ശേഷം നാട്ടിൽ പരാജയമറിഞ്ഞിട്ടില്ല എന്ന കണക്കാണ് ആശ്വാസം നൽകുന്നത്. വിജയം ആദ്യ നാലിലേക്കുള്ള വഴി തുറക്കുമെന്നതിനാൽ വിജയത്തിൽ കുറഞ്ഞ ഒന്നും മറ്റരാസിയെ തൃപ്തനാക്കില്ല.

കരൺജിത്ത് സിങ് തന്നെയാവും ചെന്നൈയുടെ ഗോൾ വല കാക്കുക. പ്രതിരോധത്തിൽ മാർക്വീ താരം ജോൺ ആർനെ റൈസ്, ക്യാപ്റ്റൻ ബെർണാഡ് മെൻ്റി, എലി സാബിയ, വാഡു എന്നിവരാവും പ്രതിരോധത്തിൽ. ജോൺ ആർനെ റൈസിൽ നിന്ന് വലിയ പ്രകടനം ടീം പ്രതീക്ഷിക്കുന്നു. മധ്യനിരയിൽ അഭിഷേക് ദാസ്, തോയ് സിങ് തുടങ്ങിയവർകൊപ്പം ഹാൻസ് മുൾഡർ ഇറങ്ങും. മുൾഡറുടെ പ്രകടനം ചെന്നൈയുടെ കുതിപ്പിൽ നിർണായകമാവും. മുന്നേറ്റത്തിൽ ജെജെക്ക് പരിക്കേറ്റത്ത് ടീമിന് വലിയ തിരിച്ചടിയാണ് ഒപ്പം ഡുഡുവിൻ്റെ ഫോമില്ലായ്മയും അവരെ വലക്കുന്നു. മുന്നേറ്റത്തിൽ ജയേഷ് റാണ, സുചി സഖ്യമാവും ഇറങ്ങുക.

മറുവശത്ത് ചെന്നൈയെക്കാൾ ഒരു മത്സരം കുറവ് കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിൻ്റ് നിലയിൽ ചെന്നൈക്ക് ഒപ്പവും ആറാം സ്ഥാനത്തുമാണ്. മികച്ച തുടക്കത്തിന് ശേഷം നിറം മങ്ങിയ നോർത്ത് ഈസ്റ്റിന് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം കഴിഞ്ഞ കളിയിൽ പൂനെക്കെതിരെ ജയിക്കാനായത് വലിയ ആത്മവിശ്വാസം നൽകുന്നു. ഒപ്പം പ്രധാന താരങ്ങൾ പരിക്കിൽ നിന്ന് തിരിച്ചെത്തുന്നതും അവർക്ക് കരുത്ത് പകരുന്നു. ഇന്ന് ജയിച്ച് സൂപ്പർ ലീഗിലെ ആദ്യ സെമി ഫൈനലാവും നോർത്ത് ഈസ്റ്റ് ലക്ഷ്യം വക്കുക.

സുബ്രത പാൽ ആവും നോർത്ത് ഈസ്റ്റ് വല കാക്കുക. പ്രതിരോധത്തിൽ മാർക്വീ താരം സൊക്കോറക്ക് കൂട്ടായി പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ഗുസ്താവോ ലസറേറ്റി, റോബിൻ ഗുരുങ്, നിർമൽ ഛേത്രി എന്നിവർ ടീമിന് വലിയ മുതൽ കൂട്ടാവും. മധ്യനിരയിൽ ഇന്ത്യൻ താരം ബോർഗസിനൊപ്പം മികച്ച ഫോമിലുള്ള റോമറിക്ക് ഇറങ്ങും ഒപ്പം ജപ്പാൻ താരം കാത്സുമി യോസയും ടീമിലുണ്ടാവും. വിങുകളിൽ നിക്കോളാസ് വെലസും ഹോളിചരൺ നർസാറിയും മുന്നേറ്റത്തിൽ എമിലിയാനോ അൽഫാരോയും ഇറങ്ങും. ഈ മുന്നേറ്റം ചെന്നൈക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നത് തന്നെയാണ്.

മുമ്പ് 5 തവണ പരസ്പരം ഏറ്റ് മുട്ടിയതിൽ ഈ സീസണിൽ നേടിയ വിജയം മാത്രമാണ് ചെന്നൈക്ക് എടുത്ത് പറയാനുള്ളത്. മറ്റ് 3 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. മരണ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്ക് ചെന്നൈയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement