ഗോവൻ ഷോക്കിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

- Advertisement -

ഗോവ ആദ്യ മത്സരത്തിൽ തന്ന ഷോക്ക് ട്രീറ്റ്മെന്റിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് വീണ്ടും ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവയോട് ചെന്നൈ പരാജയപ്പെട്ടിരുന്നു. രണ്ടാം ഹോം മത്സരത്തിലും അത്തരം ഒരു പരാജയം ചെന്നൈക്ക് താങ്ങാൻ പറ്റുന്നതാവില്ല.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് ചെന്നൈ നടത്തിയിരുന്നു‌, ആ രണ്ടാം പകുതിയിലെ ഫുട്ബോൾ ആകും കാണാൻ കഴിയുക എന്നാകും ചെന്നെ ആരാധകർ പ്രതീക്ഷിക്കുന്നത്.

ചെന്നൈയിൽ വെച്ച് ഇതുവരെ തോറ്റിട്ടില്ല എന്ന റെക്കോർഡുമായാണ് നോർത്ത് ഈസ്റ്റ് വരുന്നത്. എങ്കിലും നോർത്ത് ഈസ്റ്റിനും സീസണ് മികച്ച തുടക്കമല്ല ലഭിച്ചത്. 10 പേരുമായി കളിച്ച ജംഷദ്പൂരിനോട് സ്വന്തം തട്ടകത്തിൽ ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു നോർത്ത് ഈസ്റ്റിന്. ആദ്യ വിജയം തന്നെയാകും നോർത്ത് ഈസ്റ്റിന്റെ ലക്ഷ്യം.

നോർത്ത് ഈസ്റ്റ് നിരയിൽ മലയാളി താരങ്ങളായ ഹക്കു, രഹ്നേഷ് എന്നിവരുണ്ട്. ആദ്യ മത്സരത്തിൽ ഇരുവരും മികച്ചു നിന്നിരുന്നു. യുവ ഡിഫൻഡർ ഹക്കു എമേർജിംഗ് പ്ലയർ അവാർഡും വാങ്ങിയിരുന്നു. ചെന്നൈ നിരയിലും രണ്ട് മലയാളികൾ ഉണ്ട്, പക്ഷെ ആദ്യ ഇലവനിൽ ആരും എത്താൻ സാധ്യത ഇല്ല. ഗോൾ കീപ്പർ ഷാഹിൻ ലാൽ ആദ്യ മത്സരത്തിൽ ബെഞ്ചിൽ പോലും ഉണ്ടായിരുന്നില്ല. മുഹമ്മദ് റാഫി ഇന്നും ബെഞ്ചിൽ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement