
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ സിറ്റി – ചെന്നൈയിൻ പോരാട്ടം. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സെമി സാധ്യത ഉറപ്പിച്ച ചെന്നൈയിന് ലീഗ് മത്സരം ജയത്തോടെ അവസാനിപ്പിക്കാനാവും ശ്രമം. അതെ സമയം ഇന്ന് ജയിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനാവും മുംബൈയുടെ ശ്രമം.
ഇന്നത്തെ മത്സരം ജയിച്ചാൽ പൂനെയെ മറികടന്ന് ചെന്നൈയിൻ രണ്ടാം സ്ഥാനത്ത് എത്തും. നേരത്തെ സെമി ഉറപ്പിച്ച ചെന്നൈയിന് ടീമിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ നാല് മത്സരങ്ങൾ പരാജയമറിയാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില പിടിച്ചാണ് ചെന്നൈയിൻ സെമി ഉറപ്പിച്ചത്. മത്സരത്തിൽ മികച്ച പ്രതിരോധം പടുത്തുയർത്തിയ ചെന്നൈയിന് ഗോൾ കീപ്പർ കരൺജിതിന്റെ മികച്ച പ്രകടനവും തുണയായിരുന്നു.
17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള മുംബൈ സിറ്റിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആറാം സ്ഥാനത്തെത്താം. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോട് 5-1ന്റെ നാണം കെട്ട തോൽവിയേറ്റുവാങ്ങിയാണ് മുംബൈ ഇന്നിറങ്ങുന്നത്. രണ്ടാം പകുതിയിൽ വഴങ്ങിയ നാല് ഗോളുകളാണ് മുംബൈയുടെ തോൽവിയുടെ ആക്കം കൂട്ടിയത്. ഡെൽഹിയോട് തോറ്റതോടെ മുംബൈയുടെ സെമി സാധ്യത അവസാനിച്ചിരുന്നു. മുംബൈ നിരയിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സാഹിൽ ടാവോറക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial