മറീന അരീനയില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം

- Advertisement -

നിലവിലെ ചാമ്പ്യന്മാരും പ്രഥമ ഐ എസ് എല്ലിലെ ചാമ്പ്യന്മാരും ഏറ്റുമുട്ടുമ്പോൾ ചെന്നൈയിലെ ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം പൊടി പാറുമെന്നുറപ്പ്. ഇരു ടീമുകളും സെമി ഫൈനൽ സ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടാണ് ഇന്നിറങ്ങുന്നത്. രണ്ടു ടീമുകളും അവസാന 5 കളികളിൽ ഒന്ന് മാത്രം ജയിച്ചാണ് വരുന്നത്. 10 കളികളിൽ നിന്നും 13 പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്തും  10 കളികളിൽ നിന്ന് 14 പോയിന്റുമായി കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ്. ഒരു തോൽവി രണ്ടു ടീമുകളുടെയും സെമി പ്രവേശനം ദുർഘടമാക്കുമെന്നതിനാൽ ഇരുവരും തങ്ങളുടെ  ശക്തി മുഴുവൻ പുറത്തെടുക്കും എന്നുറപ്പാണ്. ലീഗിലെ എല്ലാ ടീമുകൾക്കും ഇപ്പോഴും സെമി സാധ്യത ഉള്ളതുകൊണ്ട് തന്നെ ഓരോ പോയിന്റും വിലപ്പെട്ടതാണ്.

അഞ്ചു കളികളിൽ തുടർച്ചയായി വിജയിക്കാൻ കഴിയാതിരുന്ന ചെന്നൈ അവസാന കളിയിൽ പൂനെ സിറ്റിക്കെതിരെ ഉജ്ജ്വല വിജയം നേടിയിരുന്നു.  പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് കൊൽക്കത്തയെ നേരിടുമ്പോൾ മറ്റരാസിയെ അലട്ടുന്നത്. ഇതുവരെ 14 ഗോളുകൾ അവരുടെ പ്രതിരോധ നിര വഴങ്ങിയിട്ടുണ്ട്. പ്രതിരോധ നിരയിൽ ജെറി ലാൽറിൻസ്വാല ഒഴികെ ആരും മറ്റരാസിയുടെ പ്രതീക്ഷക്കൊത്തു ഇതുവരെ ഉയര്‍ന്നിട്ടില്ല. ഇടതു വിങ്ങിൽ അക്രമങ്ങൾ മിനയുന്നതിലും ജെറിയുടെ സാന്നിധ്യം ചെന്നൈക്ക് മുതൽക്കൂട്ടാകും. പൂനെക്കെതിരെ കളിച്ച മെഹ്‌റാജുദ്ദിൻ വാഡൂ, ബെർണാഡ് മെൻഡി, എഡർ ഫെർണാണ്ടസ് എന്നിവർ ആദ്യ പതിനൊന്നിൽ തന്നെ ഉണ്ടാവും. പരിക്ക് മൂലം മൗറിസിയോ പെല്യൂസോ ഇന്ന് കളിക്കില്ല.

ഇയാൻ ഹ്യൂമിന്റെ അവസാന നിമിഷ ഗോളിൽ നോർത്ത് ഈസ്റ്റിനെതിരെ സമനില നേടാനായെങ്കിലും കൊൽക്കത്തയുടെ അവസാന വിജയം ഒരു മാസം മുൻപ് പുനെയോടായിരുന്നു. അവസരങ്ങൾ ഉണ്ടാക്കുന്നതിലും അത് ഗോളാക്കി മാറ്റുന്നതിലും മോളിനോയുടെ ടീം വളരെ പിറകിലാണെന്നതാണ് ടീമിന്റെ പ്രധാന പ്രശ്നം.
സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താനായില്ലെങ്കിലും കഴിഞ്ഞ 3 കളികളും ഗോളടിച്ചു ഇയാൻ ഹ്യും മിന്നുന്ന ഫോമിലേക്കുയർന്നത് കോച്ച് മോളിനോക്കു പ്രതീക്ഷ  നൽകും. കൊൽക്കത്തയുടെ വലക്കു കീഴിൽ ദേബ്ജിത് മജൂംദാര്‍ തന്നെയാവും. നോർത്ത് ഈസ്റ്റിനെതിരെയുള്ള അവസാന മത്സരത്തിൽ  പിഴവ് വരുത്തിയെങ്കിലും അർണാബ് മൊണ്ടാലും ജുവാൻ സെറോനെയും തന്നെയാവും പ്രതിരോധം കാക്കുക. വലതു വിങ്ങിൽ പ്രബീർ ദാസിന്റെ പ്രകടനം കോച്ചിനെ തൃപ്തിപെടുത്തുമെങ്കിലും റോബർട്ടിന്റെ പ്രകടനം ടീമിലെ സബ്സ്റ്റിട്യൂട് ബെഞ്ചിലേക്ക് കോച്ചിന്റെ കണ്ണെത്തിച്ചേക്കാം.  ലാൽറിൻഡിക റാൾട്ടെയുടെ പ്രകടനം തന്റെ പ്രതിഭയോട് നീതി പുലർത്തുന്നതായിരുന്നില്ല.

അവസാന തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2 – 2 എന്ന സ്‌കോറിൽ മത്സരം അവസാനിച്ചിരുന്നു.  ഇരു ടീമുകളും പരസപരം അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും വിജയം കൊൽക്കത്തയുടെ കൂടെയായിരുന്നു.   ഒരു തവണ ചെന്നൈ വിജയികളായപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു.  കഴിഞ്ഞ സീസണിലെ സെമി ഫൈനലിൽ നേടിയ വിജയം മാത്രമാണ് ചെന്നൈക്ക് ഉള്ളത്.

വൈകീട്ട്‌ 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement