ആശാൻ പോയാൽ നഷ്ടം ആർക്ക്? പിയേഴ്സിന് പകരക്കാരനാകാൻ കഴിവുണ്ടോ?

- Advertisement -

സ്റ്റീവ് കോപ്പൽ എന്ന കോച്ച് ടാറ്റയിൽ പോകുന്നതിന് കോപ്പലിനെ ആണോ മാനേജ്മെന്റിനെയാണോ കുറ്റം പറയേണ്ടത് എന്നു ശങ്കിച്ചു നിൽക്കുകയാണ് ആരാധകർ. പക്ഷെ കോപ്പൽ ടാറ്റയിൽ പോയാൽ നഷ്ടം കോപ്പലിനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ആകില്ല. മറിച്ച് കേരള ഫുട്ബോളിനും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും മാത്രമായിരിക്കും. കഴിഞ്ഞ തവണ ഐ എസ് എൽ ക്ലബുകൾക്കിടയിലെ ഏറ്റവും മോശം സ്ക്വാഡ് എന്നു വിളിക്കപ്പെട്ട സ്ക്വാഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റേത്. ടീമൊരുക്കിയപ്പോൾ ഒരു ലെഫ്റ്റ് ബാക്കിനെ വാങ്ങാൻ വരെ‌ മറന്നു പോയ മാനേജ്മെന്റ്.

കോപ്പൽ എന്ന കോച്ചിന് കിട്ടിയ ആ സ്ക്വാഡ് വെച്ച് ആദ്യ മൂന്നു മത്സരത്തിൽ കേരളത്തിന്റെ സമ്പാദ്യം രണ്ടു തോൽവിയും ഒരു സമനിലയുമായിരുന്നു, ഒപ്പം ഒരൊറ്റ ഗോൾ പോലും അടിക്കാൻ കഴിയാത്ത മുന്നേറ്റ നിരയും. ആ ടീമിനെ തന്റെ ക്ഷമ നിലനിർത്തിക്കൊണ്ട് അടുത്തറിഞ്ഞ് ടീമിനനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞു സ്റ്റീവ് കോപ്പൽ. ടീമിലെ ഏറ്റവും നല്ല മിഡ്ഫീൽഡറെ ലെഫ്റ്റ് ബാക്കാക്കി. ടീമിനെ ആ മോശം തുടക്കത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തി ലീഗ് അവസാനിക്കുമ്പോ കൊണ്ടെത്തിച്ചത് ലീഗ് ടേബിളിൽ മുംബൈ സിറ്റിക്ക് താഴെ രണ്ടാമത്. വെറും ഒരു പോയന്റിന്റെ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു സീസണുകളിലെ ഏറ്റവും മികച്ച ടേബിൾ ഫിനിഷായിരുന്നു അത്.

ഇരുപത്തി എട്ടാം വയസ്സിൽ മാനേജറായ താരമാണ് സ്റ്റീവ് കോപ്പൽ. അന്നുമുതൽ ഇന്നുവരെ കോപ്പലിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ പ്രശ്നങ്ങളെ ശാന്തമായി കാണാനും നേരിടാനുമുള്ള കരുത്തായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണിൽ രക്ഷിച്ചതും ഈ‌ സീസണിൽ അത്യാവിശ്യമായതും അതായിരുന്നു. തങ്ബോയ് സിംഗ്ടോയെ പോലൊരു അസിസ്റ്റന്റ് കോച്ചും ബ്ലാസ്റ്റേഴ്സിനു ഉണ്ട് എന്നിരിക്കെ കോപ്പൽ വരികയാണെങ്കിൽ അത് ഇന്ത്യൻ ഫുട്ബോൾ ഇതുവരെ‌ കണ്ട ഏറ്റവും മികച്ച പരിശീലക കൂട്ടുകെട്ടും ആകുമായിരുന്നു.

രണ്ടു തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ താരമായ കോച്ചാണ് കോപ്പൽ ആശാൻ. പകരം വരുന്ന സ്റ്റുവർട്ട് പിയേഴ്സിന് അത്ര നല്ല ചരിത്രമല്ല ഫുട്ബോൾ കോച്ച് എന്ന രീതിയിൽ. കോപ്പലിനെ പോലെ ഡിഫൻസിലൂന്നിയ കളിയാണ് എങ്കിലും അത് വിജയ ഫോർമുലയിലേക്ക് എത്തിക്കാൻ സ്റ്റുവർട്ട് പിയേഴ്സിന് മാനേജീരിയൽ കരിയറിൽ ആയിട്ടില്ല. ഒപ്പം ഇതുവരെ പ്രവർത്തിച്ച എല്ല ക്ലബുകളും പിഴേയ്സിനെ ടീമിന്റെ മോശം പ്രകടനങ്ങൾ കാരണം പിരിച്ചുവിടുകയുമാണ് ചെയ്തിട്ടുള്ളത്.

കോപ്പലിന് നേർ വിപരീതമായി ഒട്ടും ക്ഷമയില്ലാത്ത കോച്ചാണ് സ്റ്റുവർട്ട് പിയേഴ്സ്. ഇംഗ്ലണ്ട് അണ്ടർ 21 കോച്ചായിരിക്കെ താരങ്ങളെ പേരെടുത്ത് ഒറ്റപ്പെടുത്തി വിമർശിച്ചതിന് ഇംഗ്ലണ്ട് എഫ് എ പിയേഴ്സനെ പരസ്യമായി ശാസിച്ചിരുന്നു. അണ്ടർ 21 കോച്ചായിരിക്കെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ ജോൺസിന്റെ പരിക്കിന്റെ രഹസ്യങ്ങൾ പുറത്ത് വിട്ടതിന് പിയേഴ്സിനെതിരെ മുൻ മാഞ്ചസ്റ്റർ മാനേജർ അലക്സ് ഫെർഗൂസണും പരസ്യമായി രംഗത്തെത്തിയിരുന്നു.

കഴിവ് വെച്ച് ബ്ലാസ്റ്റേഴ്സിന്റെ ടച്ച് ലൈനിൽ കോപ്പലിന് പകരക്കാരനാവാൻ പിയേഴ്സോ മറ്റു പേരു കേൾക്കുന്ന പരിശീലകരോ ആയൊ എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും സംശയിക്കുന്നത്. അവസാന രണ്ടു വർഷവും മികച്ച താരങ്ങളെ സംരക്ഷിക്കാതെ അബദ്ധം കാണിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്തവണ താരങ്ങളേക്കാൽ വിലപിടിപ്പുള്ള തന്ത്രശാലിയെ ആണ് നഷ്ടപ്പെടുത്തുന്നത്.

കോപ്പൽ ഐ എസ് എല്ലിലേക്കേ വരില്ലായിരുന്നു എങ്കിൽ ആ നഷ്ടം കേരള ആരാധകർക്ക് സഹിക്കാമായിരുന്നു. പക്ഷെ ടാറ്റയിലേക്ക് വരാനുള്ള ചർച്ചകൾ ‘തനിക്ക് ഐ എസ് എല്ലിൽ വരാൻ താല്പര്യമില്ലാഞ്ഞിട്ടല്ല മറിച്ച് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നെ വേണ്ടാഞ്ഞിട്ടാണ്’ എന്നൊരു സന്ദേശം ആരാധകർക്കും ഫുട്ബോൾ ലോകത്തിനും കൊടുക്കാനുള്ള കോപ്പലിന്റെ ശ്രമമായി വേണം കാണാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement