അനസിനെ സ്വന്തമാക്കാൻ കേരളത്തിനാകുമോ?

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും കേരളത്തിലെ മൊത്തം ഫുട്ബോൾ ആരാധകർക്കും ഇപ്പോഴുള്ള പ്രധാന ചിന്ത ഇതാണ്. ഇന്ത്യയുടെ ഏറ്റവും നല്ല ഡിഫൻഡറായി കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട അനസാണ് ഡ്രാഫ്റ്റിലെ ഏറ്റവും മൂല്യമുള്ള കളിക്കാരൻ. 1.10 കോടി രൂപയാണ് അനസ് എടത്തൊടികയുടെ വില. അനസിനെ സ്വന്തമാക്കാൻ കേരളത്തിനു കഴിയുമോ ഇല്ലയോ?

10 ക്ലബുകളിൽ ടാറ്റ ഒഴികെ ഉള്ള 9 ക്ലബുകൾക്കും കഴിഞ്ഞ സീസണിൽ നിന്ന് രണ്ടു സീനിയർ താരങ്ങളെ നിലനിർത്താൻ അവസരമുണ്ടായിരുന്നു. ആ ഒമ്പതിൽ ഏഴു ക്ലബുകൾ രണ്ടു താരങ്ങളെ നിലനിർത്താനും പൂനെ ഒരു താരത്തെ നിലനിർത്താനും ഡെൽഹി ആരെയും നിലനിർത്തെണ്ടാ എന്നും തീരുമാനിച്ചു. ഡെൽഹിയിലായിരുന്ന അനസ് എടത്തൊടികയും അങ്ങനെയാണ് ഡ്രാഫ്റ്റിൽ എത്തുന്നത്.

199 കളിക്കാരുള്ള ഡ്രാഫ്റ്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള താരമാണ് അനസ്. ഡ്രാഫ്റ്റിൽ വിലപേശലോ താരങ്ങളുടെ ലേലം വിളിയോ അല്ല നടക്കുക. 15 റൗണ്ടുകൾ ഉള്ള ഡ്രാഫ്റ്റിൽ ഏതു ടീമിനാണോ വിളിക്കാൻ അവസരം ലഭിക്കുക ആ അവസരത്തിൽ തങ്ങൾക്ക് വേണ്ട ഒരു താരത്തെ ഐ എസ് എൽ നിശ്ചയിച്ച വിലയ്ക്ക് തിരഞ്ഞെടുക്കുക മാത്രമാണ് ഡ്രാഫ്റ്റിൽ നടക്കുക. അതായത് അനസ് എടത്തൊടികയെ വേണം എന്ന് കേരള ബ്ലാസ്റ്റേഴ്സിനു മുന്നേ താരങ്ങളെ എടുക്കാൻ അവസരം ലഭിക്കുന്ന ആരു പറഞ്ഞാലും അനസ് അവർക്ക് സ്വന്തമാകും. വില പേശാനോ എതിർക്കാനോ വേറെയൊരു ടീമിനും അവസരം ഉണ്ടാകില്ല.

കേരളത്തിന്റെ ഡ്രാഫ്റ്റിലെ ആദ്യ വിളി മൂന്നാം റൗണ്ടിൽ ആകും. ഒരു താരത്തേയും നിലനിർത്താത്ത ടാറ്റയും ഡെൽഹിയും മാത്രമേ ആദ്യ റൗണ്ടിൽ താരങ്ങളെ എടുക്കൂ. രണ്ടാം റൗണ്ടിൽ ടാറ്റയ്ക്കും ഡെൽഹിക്കും ഒപ്പം ഒരു താരത്തെ മാത്രം നിലനിർത്തിയ പൂനെ സിറ്റിയും പങ്കെടുക്കും. മൂന്നാം റൗണ്ടിൽ മാത്രമേ അപ്പോൾ കേരളത്തിന് പങ്കെടുക്കൻ പറ്റൂ. ആദ്യ റൗണ്ടിൽ രണ്ട് താരങ്ങളുടേയും രണ്ടാം റൗണ്ടിൽ മൂന്ന് താരങ്ങളുടേയും അടക്കം അഞ്ചു താരങ്ങളുടെ കാര്യത്തിൽ കേരളത്തിന് ആദ്യ വിളി ലഭിക്കും മുമ്പ് തന്നെ തീരുമാനമായിരിക്കും എന്ന് സാരം.

ചുരുക്കി പറഞ്ഞാൽ ഡ്രാഫ്റ്റിൽ ക്ലബുകൾ സ്വന്തമാക്കുന്ന ആദ്യ അഞ്ചു താരങ്ങളിൽ ഒരാളായി അനസ് എടത്തൊടിക വന്നില്ലായെങ്കിൽ മാത്രമേ അനസ് എടത്തൊടിക കേരളത്തിൽ എത്തുന്നത് ചിന്തിക്കാനേ പറ്റൂ. അനസിന്റെ കഴിവും മികവും വെച്ച് ആ അഞ്ചു താരങ്ങളിൽ അനസ് എടത്തൊടിക ഉൾപ്പെടും എന്നു തന്നെയാണ് കരുതപ്പെടുന്നത്. ഇത്രയും മികച്ച താരത്തെ ഏതു ക്ലബാണ് വേണ്ട എന്നു വെക്കുക. അതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അനസ് എടത്തൊടിക കളിക്കണമെങ്കിൽ വലിയ അത്ഭുതങ്ങൾ തന്നെ നടക്കേണ്ടി വരും എന്നതാണ് സത്യം.

കേരളത്തിന് പ്രതീക്ഷയ്ക്കുള്ള ഒരേയൊരു കാര്യം അനസിന് ഡ്രാഫ്റ്റിൽ ഇട്ടിരിക്കുന്നത് വൻ വിലയാണ് എന്നതു മാത്രമാകും. ആ വില കണ്ടു മടിച്ച് ടാറ്റയും പൂനെയും ഡെൽഹിയും മടിക്കുകയാണെങ്കിൽ മാത്രം മൂന്നാം റൗണ്ടിൽ കേരളത്തിന് അനസിനെ നോക്കാം. പക്ഷെ അതിനുള്ള സാധ്യത വളരെ വളരെ കുറവാണ് എന്നതാണ് സത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യന്മാര്‍ ഫൈനല്‍ കാണുമോ? അട്ടിമറി പ്രതീക്ഷയുമായി ഇന്ത്യ ‘ഹോം’ ഗ്രൗണ്ടില്‍
Next articleഈജിപ്റ്റിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍, ഇനി എതിരാളികള്‍ ബെല്‍ജിയം