നൈജീരിയൻ യുവതാരം ഈസ്റ്റ് ബംഗാളിലേക്ക്

ഈസ്റ്റ് ബംഗാൾ അവസാനം അവരുടെ അവസാന വിദേശ താരത്തെ സൈൻ ചെയ്യുക ആണ്. നൈജീരിയൻ യുവതാരം ബ്രൈറ്റ് എനോബകരെ ആണ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. താരം വിസാ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞും നാളെ തന്നെ ഗോവയിൽ എത്തും. ഏഴു ദിവസം ക്വാരന്റൈൻ കഴിഞ്ഞ ശേഷം ബ്രൈറ്റിന് ടീമിനൊപ്പം പരിശീലനം നടത്താൻ ആകും. സീസണിലെ ആദ്യ നാലു മത്സരങ്ങളിലും ഒരു ഗോൾ പോലും നേടാൻ ആകാത്തതോടെയാണ് ഒരു അറ്റാക്കിംഗ് വിദേശ താരത്തെ തന്നെ സൈൻ ചെയ്യാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചത്.

22കാരനായ താരം നൈജീരിയയുടെ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രൈറ്റ്. അഞ്ചു വർഷത്തോളം വോൾവ്സിന്റെ സീനിയർ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ തന്നെ വീഗൻ അത്ലറ്റിക്കിന് വേണ്ടിയും ബ്രൈറ്റ് കളിച്ചു. അവസാനമായി ഗ്രീക്ക് ക്ലബായ എ ഇ കെ ഏതൻസിനായാണ് താരം കളിച്ചത്.