Local Sports News in Malayalam

ഡിമിച്ചാർ ബെർബ; ബ്ലാസ്റ്റേഴ്സിന്റെ അലസനായ മജീഷ്യൻ

2010 ഡിസംബറിൽ തുടർച്ചയായ ഏഴാം തവണയും ബൾഗേറിയയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് ബെർബറ്റോവ് എന്ന മാന്ത്രികനു ലഭിച്ചു. അന്ന് വെറും 29കാരമായ താരം അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിച്ചു. “ഇനി ആരും ഈ അവാർഡിനായി എനിക്ക് വോട്ട് ചെയ്യരുത്, യുവ താരങ്ങൾക്ക് പോകട്ടെ ഈ അവാർഡ് ഇനി മുതൽ” അതാണ് ബെർബ. അഹങ്കാരമല്ല ‘ക്ലാസ്’ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കപ്പെടുന്ന താരം. 2006 മുതൽ വിരമിക്കുന്നത് വരെ ബൾഗേറിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെർബറ്റോവ്. ബൾഗേറിയയുടെ റെക്കോർഡ് ഗോൾ സ്കോറർ, വെറും 78 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ.

ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റേയും അലൻ ഷിയററുടേയും ആരാധകനായി വളർന്ന ബെർബയുടെ കരിയർ മാറുന്നത് ബയർ ലെവസ്കൂസനിൽ കളിക്കുമ്പോ ആയിരുന്നു. 2000ൽ ബയേ ലെവർകൂസൻ റിസേർവ് ടീമിൽ എത്തിയ ബെർബ 2001 മുതൽ ജെർമൻ ലീഗിൽ എത്തി. പിന്നീടങ്ങോട്ട് 5 വർഷത്തിൽ 90ലധികം ഗോളുകൾ ജെർമനിയിൽ അടിച്ചു കൂട്ടി. 2006ൽ ടോട്ടൻഹാമിലേക്ക് ചേക്കേറും മുമ്പുള്ള രണ്ടു സീസണുകളിൽ നിന്നായി മാത്രം 50 ഗോളുകൾ ബെർബ നേടി.

2006ൽ ഇംഗ്ലണ്ടിൽ 16 മില്യൺ എന്ന റെക്കോർഡ് തുകയ്ക്ക് എത്തിയ ബെർബ ആദ്യ സീസണിൽ തന്നെ ടോട്ടൻഹാമിന്റെ പ്ലയർ ഓഫ് ദി സീസണായി. ബെർബയും റോബി കീനും തമ്മിൽ ഉണ്ടായിരുന്നു സ്ട്രൈക്കിങ് പാട്ണർഷിപ്പ് ടോട്ടൻഹാമിന്റെ തന്നെ എക്കാലത്തേയും മികച്ച സ്ട്രൈക്കിംഗ് പാട്ണർഷിപ്പായി. ടോട്ടൻഹാമിൽ രണ്ടു സീസണിൽ നിന്നായി 46 ഗോളുകൾ നേടിയ ബൾഗേറിയനെ തേടി മൂന്നാം സീസണിൽ സാക്ഷാൽ അലക്സ് ഫെർഗൂസൺ തന്നെ എത്തി.

2008ൽ റൊണാൾഡോ, റൂണി, ടെവസ്, ബെർബറ്റോവ് എന്നീ നാലു താരങ്ങളായിരുന്നു മാഞ്ചസ്റ്റർ അറ്റാക്ക് നയിച്ചിരുന്നത്. ടെവസിന് ഗോൾ അവസരം ഉണ്ടാക്കി കൊണ്ട് തുടങ്ങിയ ബെർബറ്റോവിന് പക്ഷെ ആദ്യ സീസണുകളിൽ ടോട്ടൻഹാമിലെ മികവ് മാഞ്ചസ്റ്ററിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ വേർക്ക് റൈറ്റ് കുറവാണ് എന്നത് മാഞ്ചസ്റ്ററിൽ ആദ്യ കാലത്ത് ബെർബച്ചോവിന് നിറയെ വിമർശനങ്ങൾ കേൾക്കാനുള്ള കാരണവുമായി. 2010-11 സീസണിലാണ് യഥാർത്ഥ ബെർബച്ചോവിനെ മാഞ്ചസ്റ്ററിന് ലഭിക്കുന്നത്. റൂണി നിറം മങ്ങി തുടങ്ങിയ ആ സീസണിൽ മാഞ്ചസ്റ്ററിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിന് ചുക്കാൻ പിടിച്ചത് ബെർബച്ചോവ് ആയിരുന്നു.

ലിവർപൂളിനെതിരെ ഉൾപ്പെടെ മൂന്നു ഹാട്രിക്കുകൾ ബെർബ ആ‌ സീസണിൽ നേടി. ലിവർപൂളിനെതിരെ ഉള്ള 3-2 വിജയത്തിൽ മൂന്നു ഗോളുകളും ബെർബ നേടിയപ്പോൾ ബ്ലാക്ക്ബേണിനെതിരായ മത്സരത്തിൽ പ്രീമിയർ ലീഗിലെ റെക്കോർഡ് തന്നെ ബെർബ തൊട്ടു. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 ഗോളുകൾ നേടുന്ന ആദ്യ വിദേശ താരം. അവസാന നിമിഷം റോബിൻസൺ നടത്തിയ രക്ഷപ്പെടുത്തൽ ഇല്ലായിരുന്നു എങ്കിൽ അന്ന് ആദ്യ ഡബിൾ ഹാട്രിക്ക് എന്ന റെക്കോർഡ് ബെർബച്ചോവ് സ്വന്തമാക്കുമായിരുന്നു.

ആ‌ സീസണിൽ ബെർബച്ചോവ് 20 ഗോളുകളുമായി പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററായി. ആ വർഷത്തെ ഗോൾഡൻ ബൂട്ട് കാർലോസ് ടെവസിന്റെ കൂടെ ബെർബയും പങ്കുവെച്ചു. പിന്നീടായിരുന്നു ബെർബയുടെ പതനം. തൊട്ടടുത്ത സീസണിൽ നിറം മങ്ങിയ താരം 9 ഗോളുകൾ മാത്രമേ സീസണിൽ നേടിയുള്ളൂ. അതിനു ശേഷം ഫുൾഹാമിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു എങ്കിലും ബെർബച്ചോവ് മാജിക് പ്രായത്തിനൊപ്പം മങ്ങി വരികയായിരുന്നു.

മൊണാക്കോയിലും അവസാനം ഗ്രീസ് ലീഗിലും കാര്യമായി ചലനങ്ങൾ ഉണ്ടാക്കൻ ബെർബയ്ക്ക് ആയിട്ടില്ല. പക്ഷെ പഴയ ബെർബയുടെ മികവ് ഒരു സീസണിൽ എങ്കിലും ഇന്ത്യൻ മണ്ണിൽ, ഇന്ത്യൻ ലീഗിൽ, ലഭിക്കും എന്നാണ് ബെർബയെ പരിശീലിപ്പിച്ച നന്നായി അറിയുന്ന റെനി പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് തന്നെ ബൾഗേറിയ മാജിക് ഇങ്ങ് കലൂരിലും ആവർത്തിക്കപ്പെടും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരും ബെർബ ആരാധകരും വിശ്വസിക്കുന്നു.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like