സ്പെയിൻ ടൂർ കഴിഞ്ഞു, കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇന്ത്യയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂറിന് നാളെ അവസാനമാകും. സ്പെയിനിലെ മാർബലയിൽ ഒരു മാസത്തോളമായി പരിശീലനം നടത്തിവരുന്ന ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് നാളെ രാത്രി സ്പെയിനിൽ നിന്ന് തിരിക്കും. നേരെ ഡെൽഹിയിലേക്കാകും ബ്ലാസ്റ്റേഴ്സ് ടീം എത്തുക.

സെപ്റ്റംബർ 28നായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രീസീസണായി സ്പെയിനിലേക്ക് പോയത്. മലാഗയിലെ മാർബല ഫുട്ബോൾ സെന്ററിൽ പരിശീലനം നടത്തി വന്ന റെനെ മുളൻസ്റ്റീനും സംഘവും സ്പെയിനിൽ നാല് പരിശീലന മത്സരങ്ങളും കളിച്ചു. രണ്ട് വിജയങ്ങളും ഒരു സമനിലയും അവസാന മത്സരത്തിൽ ഒരു പരാജയവുമാണ് പ്രീസീസണിലെ ബ്ലാസ്റ്റേഴ്സ് സമ്പാദ്യം. സി കെ വിനീത് ഉൾപ്പെടെ ഉള്ളവർ ബ്ലാസ്റ്റേഴ്സിനായി പ്രീസീസണിൽ ഗോൾ കണ്ടെത്തിയിരു‌ന്നു.

മറ്റന്നാൾ ഡെൽഹിയിൽ എത്തുന്ന സ്ക്വാഡ് ഹൈദരാബാദിലും കൊച്ചിയിലുമായാകും ഇനി ഐ എസ് എൽ സീസൺ തുടക്കം വരെ‌ പരിശീലനം നടത്തുക. ബെർബറ്റോവും ബ്രൗണും ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ഇന്ത്യയിലെത്തുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരുടേയും ആവേശം കൂട്ടും. റിനോ ആന്റോയും സി കെ വിനീതും അടക്കം ഏഴു മലയാളി താരങ്ങൾ സ്പെയിനിൽ പ്രീസീസൺ ടൂറിന്റെ ഭാഗമായിരു‌ന്നു.

നവംബർ 17ന് ആരംഭിക്കുന്ന ഐ എസ് എല്ലിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ കൊൽക്കത്തയുമായാണ് ഏറ്റുമുട്ടുന്നത്. മഐ എസ് എൽ തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യൻ ക്ലബുകളുമായി സന്നാഹ മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കളിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ സീസണ് ഒരുങ്ങി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്
Next articleജിവി രാജ; വിവാ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു എഫ് സി സെമിയിൽ