റെനെയുടെ മറുപടി, ബ്ലാസ്റ്റേഴ്സിലേക്ക് ഹോളണ്ടിൽ നിന്ന് 21കാരൻ സ്ട്രൈക്കർ

വയസ്സൻ പട എന്നു വിളിച്ചവർക്ക് മറുപടിയുമായി റെനെ മുളൻസ്റ്റീനും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും. പാതി ഡച്ചും പാതി ഗ്രീക്കുമായ യുവ സ്ട്രൈക്കർ മാർക്ക് സിഫ്നിയോസാണ് പുതുതായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഔദ്യോഗികമായിരിക്കുകയാണ്.

21കാരനായ മാർക്ക് നെതർലാന്റിലാണ് ജനിച്ചതും വളർന്നതു ഫുട്ബോൾ കളിക്കുന്നതും എങ്കിലും ഗ്രീക്ക് വംശജനാണ്. റെനെ മുളൻസ്റ്റീന്റെ ഡച്ച് ബന്ധമാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്നലെ പോൾ റഹുബ്കയെ ടീമിൽ എത്തിച്ചപ്പോൾ ഉണ്ടായ വിമർശനങ്ങൾക്ക് ഈ യുവ സ്ട്രൈക്കർ എത്തുന്നതോടെ അവസാനമാകും. മാർക്ക് ഉൾപ്പെടെ അഞ്ച് വിദേശ താരങ്ങളുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

നെമാഞ്ച ലാകിച് പെസിച്, പെകൂസൺ എന്നീ യുവതാരങ്ങൾക്കൊപ്പം മാർക്ക് കൂടെ എത്തുന്നതോടെ വയസ്സൻ പടയെയാണ് റെനെ കൊണ്ടുവരുന്നത് എന്ന ആക്ഷേപത്തിന് അവസാനമാകും. വെസ് ബ്രൗണും ഇയാൻ ഹ്യൂമുമാണ് കേരള ബ്ലാസ്റ്റേഴ്സിലെ ബാക്കി വിദേശ താരങ്ങൾ. ഇയാൻസ് ഹ്യൂം പെകൂസൺ എന്നിവരോടൊപ്പം മുന്നേറ്റ നിരയിൽ മാർക്ക് കൂടെ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ശക്തമാകും.

ഡച്ച് ക്ലബായ ആർ കെ സി വാല്വിക്കിൽ നിന്നാണ് മാർക്ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സോണി നോർദെ മോഹൻ ബഗാനിൽ
Next articleഎഡ്ജ്ബാസ്റ്റണില്‍ നാണംകെട്ട് വെസ്റ്റിന്‍ഡീസ്