പോൾ റഹുബ്ക സൈനിങ്ങിൽ ആരാധകർക്ക് അതൃപ്തി, റെനെക്കെതിരെ ചോദ്യങ്ങൾ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കോച്ച് റെനെ മുളൻസ്റ്റീൻ നൽകിയ വാക്കുകൾ മറക്കുകയാണോ എന്ന് ചോദ്യങ്ങൾ ഉയരുകയാണ്. പ്രായമായ താരങ്ങൾക്ക് വിനോദ യാത്രയ്ക്ക് വരുന്ന ലീഗാക്കി ഐ എസ് എൽ മാറ്റിയിട്ടുണ്ട് എന്ന് തന്റെ ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞ റെനെ തന്നെ ആ വാക്കുകൾ മറക്കുകയാണോ?

പ്രായം പ്രശ്നമായിരുന്നു എങ്കിലും വെസ് ബ്രൗൺ, ബെർബറ്റോവ് എന്നീ താരങ്ങളുടെ സൈനിങ്ങിൽ ആരാധകർക്ക് വലിയ എതിർപ്പ് ഉണ്ടായിരുന്നില്ല. റെനെ പറഞ്ഞ വാക്കുകളിലെ വിശ്വാസം തന്നെയായിരുന്നു കാരണം. ഒരു സീസണിൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന് തന്റെ മികച്ചത് നൽകാൻ കഴിയുമെന്ന് തോന്നുന്ന താരങ്ങൾക്ക് പ്രായം പ്രശ്നമാകില്ല എന്നുംകൂടെ റെനെ തന്റെ ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ബെർബയും ബ്രൗണും ആ ഗണത്തിൽ പെടും എന്ന വിശ്വാസമുള്ള ആരാധകർ ആ തീരുമാനങ്ങളെ ചോദ്യം ചെയ്തില്ല. ഒപ്പം 2 യുവതാരങ്ങളെ റെനെ ഇതിനകം തന്നെ ടീമിലെത്തിച്ചതും ആരാധകർ ഓർക്കുന്നുണ്ട്. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ്ങ് പോൾ റഹുബ്ക ആരാധകരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം 17 ക്ലബുകളിൽ ഇതുവരെ‌ കളിച്ചിട്ടുള്ള പോൾ 16 ക്ലബിലും തിളങ്ങാൻ കഴിയാത്ത താരമാണ്. ബ്ലാക്ക് പൂളിൽ 2007-08 സീസണിൽ തിളങ്ങിയതൊഴിച്ചാൽ ഒരു ക്ലബിൽ പോലും നല്ല പേര് പോളിനില്ല. ഫുട്ബോൾ മാഗസിൻ ആയ FourFourTwo ഈ വർഷം തുടക്കത്തിൽ നടത്തിയ സർവേയിൽ ലീഡ്സ് യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം കളിക്കാരനായി തിരഞ്ഞെടുത്തത് പോൾ റഹുബ്കയെ ആയിരുന്നു.

ലീഡ്സ് യുണൈറ്റഡിന്റെ 97 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം കളിക്കാരൻ എന്ന പട്ടമാണ് ആരാധകർ പോളിന് ചാർത്തി കൊടുത്തത്. 2011ൽ ലീഡ്സിൽ എത്തിയ താരം ആകെ ലീഡ്സിന് കളിച്ചത് വെറും 7 മത്സരങ്ങളാണ് അത് മതിയായിരുന്നു ആരാധകർക്ക് താരത്തെ ഏറ്റവും വലിയ ഫ്ലോപ്പായി തിരഞ്ഞെടുക്കാൻ. ലീഡ്സ് ജേഴ്സിയിൽ തന്റെ അവസാന മത്സരത്തിൽ ബ്ലാക്ക് പൂളിനെതിരെ നടത്തിയ പ്രകടനമാണ് പോളിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമായി കണക്കാക്കപ്പെടുന്നത്. ആദ്യ പകുതിയിൽ വരുത്തിയ മൂന്നു അബദ്ധങ്ങളും ഗോളിന് കാരണമായി. ആദ്യ പകുതിയിൽ തന്നെ പോളിനെ പിൻവലിച്ച് പതിനെട്ടുകാരനായ രണ്ടാം ഗോളിയെ ഇറക്കേണ്ടി വന്നു ലീഡ്സിന്. മത്സരത്തിൽ 5-0തിനാണ് ലീഡ്സ് തോറ്റത്.

 

ലീഡ്സിൽ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിലും നല്ല പേരല്ല പോളിന്. സർ അലക്സ് ഫെർഗൂസിനു കീഴിൽ പ്രവർത്തിച്ച ഏറ്റവും മോശം പത്ത് ഗോൾകീപ്പർമാരുടെ ബ്ലീച്ച്റിപ്പോർട്ട് വെബ്സൈറ്റിന്റെ പട്ടികയിൽ നാലാമത് ഉള്ളതും പോളാണ്. അവസാന ക്ലബായ ബറിയിലും പോളിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ആകെ ഇറങ്ങിയ ഒരൊറ്റ മത്സരത്തിൽ വഴങ്ങിയത് 3 ഗോളുകളായിരുന്നു.

ഇത്രയും മോശം റെക്കോർഡുള്ള ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് വാങ്ങേണ്ടിയിരുന്നോ എന്ന ചോദ്യങ്ങൾ പോൾ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കഴിവു തെളിയിക്കുന്നത് വരെ ചോദിക്കപ്പെടും. പ്രായം നാൽപ്പതായ സന്ദീപ് നന്ദി വന്നാലും ഗ്രഹാം സ്റ്റാക്ക് വന്നാലും ആരാധകർ സഹിക്കുമായിരുന്നു പ്രായവും നല്ല റെക്കോർഡും ഇല്ലാത്ത ഒരു താരമാണ് വരുന്നത് എന്നതാണ് ആരാധകരെ‌ ഇപ്പോൾ വിഷമത്തിലാക്കുന്നത്. ഈ വിഷമത്തിലും പോൾ റഹുബ്കയും റെനെയും വിമർശനങ്ങൾക്ക് മികച്ച പ്രകടനങ്ങളിലൂടെ മറുപടി തരട്ടെ എന്നു കേരളത്തിലെ ഒരോ ഫുട്ബോൾ പ്രേമിയും ആഗ്രഹിക്കുകയും ചെയ്യുന്നു.

 

ബ്ലാക്ക്പൂളിനെതിരായ റഹുബ്കയുടെ പ്രകടനം കാണാം:

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുക്കിന്റെ ഇരട്ട ശതകം, ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍
Next articleപൊള്ളാര്‍ഡ് മാന്‍ ഓഫ് ദി മാച്ച്, പക്ഷേ ജയം പാട്രിയറ്റ്സിനു