സുജിത് ഇനി മഞ്ഞപ്പടയിൽ, ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ കീപ്പറായി 19കാരൻ മലയാളി

മഞ്ഞപ്പടയുടെ വലകാക്കാൻ പ്രായമുള്ളവർ മാത്രമേ ഉള്ളൂ എന്നു പറഞ്ഞവർക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ മറുപടി. 19കാരനായ മലയാളി താരം സുജിത് എം എസിനെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ നാലാം ഗോൾ കീപ്പറായാണ് യുവതാരം എത്തിയിരിക്കുന്നത്. വിദേശതാരം പോൽ റചുബ്കയ്കും ഇന്ത്യൻ താരം സുഭാശിഷ് റോയിക്കും പിറകെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സന്ദീപ് നന്ദിയെയും ബ്ലാസ്റ്റെഴ്സ് ഗോൾ കീപ്പർ പൊസിഷനിലേക്ക് സൈൻ ചെയ്തിരുന്നു.

കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ കൂടെ അവസാന സീസൺ മുതൽ ഉള്ള താരമാണ് സുജിത്. കഴിഞ്ഞ ദിവസമാണ് ഈ യുവതാരവുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയത്. നിലമ്പൂർ സ്വദേശിയായ സുജിത് ബസേലിയസ് കോളേജിലെ വിദ്യാർഥിയാണ്. ബസേലിയസ് കോളേജിനു വേണ്ടി വലകാത്തും തിളങ്ങിയിട്ടുണ്ട്.

എം എസ് പി മലപ്പുറത്തിലൂടെ വളർന്ന സുജിത് 2014ൽ എം എസ് പി സുബ്രതോ കപ്പ് റണ്ണേഴ്സ് ആയപ്പോൾ എം എസ് പിയുടെ ഗോൾ കീപ്പറായിരുന്നു. അന്ന് ഫൈനലിൽ സുജിത് ബ്രസീലിയൻ ടീമിനെതിരെ നടത്തിയ പ്രകടനം ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ഫൈനലിൽ സുജിതിന്റെ പ്രകടനമായിരു‌‌ന്നു കളി പെനാൽട്ടി ഷൂട്ടൗട്ട് വരെ എത്തിക്കാൻ എം എസ് പിയെ സഹായിച്ചത്.

സുജിത് കൂടെ എത്തുന്നതോടെ 5 മലയാളി താരങ്ങളായി ക്ലബിൽ. സി കെ വിനീത്, റിനോ ആന്റോ, പ്രശാന്ത് മോഹൻ, അജിത് ശിവൻ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ മറ്റു മലയാളികൾ. അഞ്ചു താരങ്ങളിൽ പ്രശാന്ത് മോഹനും അജിത് ശിവനും സുജിതും അണ്ടർ 21 താരങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോറിനോ ഫുൾ ബാക്ക് ഇനി ചെൽസിയിൽ
Next articleഡ്വെയിന്‍ സ്മിത്തിന്റെ വെടിക്കെട്ട് വീണ്ടും, ജയിച്ച് കയറി ബാര്‍ബഡോസ്