സെമി ഫൈനലിലെത്താൻ കേരളത്തിനും പൂനെക്കും ജയിക്കണം

- Advertisement -

മുംബൈക്കെതിരെ വഴങ്ങിയ 5-0 ത്തിന്റെ കനത്ത പരാജയത്തിൻ്റെ ഓർമ്മകളുമായാവും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെയെ നേരിടാനിറങ്ങുക. മുംബൈക്കെതിരെ കനത്ത തോൽവി വഴങ്ങിയെങ്കിലും നാട്ടിലെ മികച്ച പ്രകടനങ്ങളാണ് കേരളത്തിന് ആത്മവിശ്വാസം നൽകുന്നത്. ആദ്യ മത്സരത്തിന് ശേഷം ഇത് വരെ നാട്ടിൽ തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്സ് തുടർച്ചയായ 3 കളികളിലും നാട്ടിൽ വിജയം കണ്ടു. 11 കളികളിൽ 15 പോയിന്റുമായി ഇപ്പോൾ 5 സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് സെമി ഫൈനലിലെത്താൻ ഇന്ന് പൂനെക്കെതിരെ വിജയം കാണണമെന്ന് നന്നായറിയാം. എന്നത്തേയും പോലെ കൊച്ചിയിലെത്തുന്ന വലിയ കാണികൾക്ക് മുമ്പിൽ വീണ്ടുമൊരു വിജയം കാണാമെന്ന് കോപ്പലും സംഘവും കരുതുന്നു.

മുൻ മത്സരത്തിലെ പോലെ ഗ്രഹാം സ്റ്റാക്കിനാവും ഗോൾ വല കാക്കാനുള്ള ചുമതല. പ്രതിരോധത്തിൽ ഹ്യൂസ്, ഹെങ്ബർട്ട്, ജിംഗൻ, റിനോ എന്നിവരെ ഇറക്കി പ്രതിരോധം ഒന്നു കൂടി ശക്തമാക്കാനാവും കോപ്പലിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഹോസു മധ്യനിരയിൽ ഇറങ്ങും. അല്ലെങ്കിൽ ഹോസുവിനേയും റിനോയേയും വിങ് ബാക്ക് ആയി കളിപ്പിച്ച് മൂന്ന് സെൻ്റർ ബാക്കുകളെ കളിപ്പിക്കാനും സാധ്യതയുണ്ട്. മധ്യനിരയിൽ മെഹ്താബ് ഹുസൈനും റഫീഖിനുമൊപ്പം അസ്രാക് മഹ്മദ് എത്താനാണ് സാധ്യത. മുന്നേറ്റത്തിൽ മൈക്കൾ ചോപ്രയെ കോപ്പൽ ഇന്ന് തിരിച്ച് വിളിച്ചേക്കും. ഒപ്പം അൻ്റോണിയോ ജെർമ്മനു പകരം ബെൽഫോർട്ടും ടീമിലെത്തിയേക്കും. മികച്ച ഫോമിലുള്ള സി.കെ വിനീത് ആവും ഇവർക്ക് കൂട്ടായി ഉണ്ടാവുക. നാട്ടിൽ കളിച്ച 2 കളികളിൽ 3 ഗോൾ കണ്ടത്തിയ വിനീതിൻ്റെ ബൂട്ടിൽ നിന്ന് കേരളം ഏറെ പ്രതീക്ഷിക്കുന്നു.

മറുവശത്ത് പോയിൻ്റ് നിലയിൽ കേരളത്തിന് തുല്യമാണ് പൂനെ സിറ്റി. ഗോൾ വ്യത്യാസമാണ് അവരെ ഇന്ന് നാലാം സ്ഥാനത്ത് നിർത്തുന്നത്. അതിനാൽ തന്നെ കേരളത്തിനെതിരെ ജയിച്ച് ആദ്യ നാലിൽ തുടരാനാവും പൂനെയുടെ ശ്രമം. നോർത്ത് ഈസ്റ്റിനെതിരെ നന്നായി പൊരുതിയെങ്കിലും റോമറിക്കിൻ്റെ ഫ്രീ കിക്ക് ഗോളിൽ തോൽവി വഴങ്ങേണ്ടി വന്ന നിരാശയിലാവും പൂനെ ഇന്ന് കേരളത്തിനെതിരെ ഇറങ്ങുക. കഴിഞ്ഞ 2 സീസണിലും കൊൽക്കത്തയെ സെമി ഫൈനലിലെത്തിച്ച അനുഭവ പരിചയമുള്ള കോച്ച് അൻ്റോണിയോ ഹെബ്ബാസ് ഇത്തവണ പൂനെയെ ആദ്യ സെമി കാണിക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ്.

മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഐഡൽ തന്നെയാവും ഇത്തവണേയും പൂനെ വല കാക്കുക. രാഹുൽ ബെക്കെ, നാരായൺ ദാസ് തുടങ്ങിയ ഇന്ത്യൻ പ്രതിരോധക്കാർകൊപ്പം ഫെരേരക്കാവും പ്രതിരോധത്തിൻ്റെ ചുമതല. മധ്യനിരയിൽ സ്ഥിരമായി മികവ് പുലർത്തുന്ന മാർക്വീ താരം മുഹമ്മദ് സിസോക്കോകൊപ്പം സഞ്ചു പ്രഥാൻ, അറാറ്റ ഇസുമി, ലെനി റോഡിഗ്രസ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഇറങ്ങും. ഒപ്പം ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച മധ്യനിര താരം യൂജിസൺ ലിങ്ദോയും ഇവർകൊപ്പം ചേരും. കേരള പ്രതിരോധത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ മുന്നേറ്റത്തിൽ എൻഡോയക്കാവും എന്നാണ് പൂനെ പ്രതീക്ഷ.

സീസണിൽ മുമ്പ് പൂനെയിൽ ഏറ്റ് മുട്ടിയപ്പോൾ 1 – 1 ൻ്റെ സമനിലയായിരുന്നു ഫലം. കളിച്ച 5 മത്സരങ്ങളിൽ 3 ൽ കേരളം ജയിച്ചപ്പോൾ ഒരണ്ണത്തിൽ മാത്രമെ പൂനെ വിജയം കണ്ടുള്ളു. കണക്കുകളിലെ ഈ മുൻ തൂക്കം കളത്തിൽ പ്രയോഗിക്കാനാവും ബ്ലാസ്റ്റേഴ്സ് ശ്രമം. വൈകിട്ട് 7 ന് കൊച്ചിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement