മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരി മുംബൈ സിറ്റി വിട്ടു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരി മുംബൈ സിറ്റി എഫ് സിയിൽ ഇനി ഇല്ല. താരം ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചു. ഇനി എവിടേക്കാണ് പോവുക എന്ന് താരം വ്യക്തമാക്കിയില്ല. കഴിഞ്ഞ സീസണിൽ ആയിരുന്നു ജംഷദ്പൂർ വിട്ട് ഡിഫൻഡറായ പ്രതീക് മുംബൈ സിറ്റിയുമായി കരാറിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ താരം മുംബൈ സിറ്റിക്കായി കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു.

ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും, ഡെൽഹി ഡൈനാമോസിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. 30കാരനായ പ്രതീക് 2016ൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്നു.