യുവ ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: സെപ്റ്റംബർ 09: 2020: ഐഎസ്എൽ ഏഴാം സീസണിൽ ഭാവി വാഗ്ദാനമായ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകും. രണ്ട് വർഷത്തേക്കാണ് കരാർ.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി.

അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പർ കെബിഎഫ്സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 184 സെന്റിമീറ്റർ ഉയരമുള്ള യുവ ഗോൾകീപ്പർ ഐ‌എസ്‌എല്ലിൽ തങ്ങളുടെ എതിരാളികളായ ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എത്തുന്നത്.

“ക്ലബ്ബ് മാനേജുമെന്റ് വളരെ ആത്മാർത്ഥമായാണ് എന്റെയും ടീമിന്റെയും ഭാവി പരിപാടികൾ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നൽകുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെത്തിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് എന്നാൽ കഴിയുന്നത് ഞാൻ നൽകുമെന്ന് ആരാധകരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ” പ്രഭ്സുഖാൻ ഗിൽ പറഞ്ഞു.

“19 വയസുകാരനായ പ്രഭ്സുഖാൻ, ഈ പ്രായത്തിൽ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോൾകീപ്പറുമാണ്. കൈയും കാലും കൊണ്ട് ഒരേപോലെ ശ്രമങ്ങൾ നടത്താൻ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളർച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്, കൂടാതെ അദ്ദേഹം ടീമിൽ ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.