ഗോളും ജയവും തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് പഴയ ആശാനെതിരെ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. പുതിയ ആശാനായ റെനെ മുളൻസ്റ്റീൻ യുഗത്തിലെ ആദ്യ ഗോളും ആദ്യ ജയവും ഇന്ന് ബ്ലാസ്റ്റേഴ്സിന് നേടേണ്ടതുണ്ട്. അത് പഴയ ആശാനായ സ്റ്റീവ് കോപ്പലിന്റെ സംഘത്തിനെതിരെ ആകുമ്പോൾ ഇരട്ടി മധുരമാകും എന്നാണ് റെനെയും സംഘവും കരുതുന്നത്.

ആദ്യ മത്സരത്തിൽ ഗോളടിക്കാൻ കഴിയാത്ത രണ്ടു ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. കേരളം എടികെ കൊൽക്കത്തയോടും, ജംഷദ്പൂർ നോർത്ത് ഈസ്റ്റിനോടും ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു ആദ്യ മത്സരത്തിൽ. ആദ്യ മത്സരത്തിൽ വേഗതയോ താളമോ കണ്ടെത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞിരുന്നില്ല. ഡിഫൻസിലെ പ്രകടനം മാത്രമെ ഇരുടീമുകൾക്കും എടുത്തു പറയാനും ഉണ്ടായിരുന്നുള്ളൂ.

മധ്യനിരയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ കഴിഞ്ഞ മത്സരത്തിൽ വിഷമിച്ചത്. അറാട്ട-മിലൻ സിങ് മധ്യനിരയും മുന്നേറ്റ നിരയും തമ്മിൽ വലിയ വിടവ് കാണപ്പെടുന്നുണ്ടായിരുന്നു ആദ്യ മത്സരത്തിൽ. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിൽ ബെർബറ്റോവ് അടക്കമുള്ള മുന്നേറ്റ നിരയ്ക്ക് പന്തുകിട്ടാൻ വേണ്ടി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കേണ്ടി വന്നിരുന്നു.

ബെർബറ്റോവ് -ഇയാൻ ഹ്യൂം – സി കെ വിനീത് ത്രയം ഇന്ന് പരസ്പരം ഒരു താളം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ഇവർക്ക് നേരിടാനുള്ളത് അനസ് എടത്തൊടിക നയിക്കുന്ന ഡിഫൻസിനെ ആകും എന്നത് ഗോളിലേക്കുള്ള വഴി കടുപ്പമാക്കും. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ റിനോ ആന്റോ തന്റെ മികവിലേക്ക് ഇന്ന് ഉയരണം. കേരളത്തിന്റെ ആക്രമണങ്ങൾ ഡിഫൻസിൽ നിന്ന് തുടങ്ങാൻ റിനോയുടെ ഫോം അത്യാവിശ്യമാണ്.

ഇന്നും പരിക്കേറ്റ വെസ് ബ്രൗൺ കളത്തിൽ ഇറങ്ങിയേക്കില്ല. നെമാഞ്ച-ജിങ്കൻ കൂട്ടുകെട്ട് ആദ്യ മത്സരത്തിൽ മികച്ചു നിന്നതിനാൽ ബ്രൗണിന്റെ അഭാവം വലിയ ആശങ്ക നൽകുന്നില്ല. കൊൽക്കത്തയ്ക്കെതിരെ മികച്ച കാമിയോ പെർഫോർമൻസ് നടത്തിയ പ്രശാന്ത് മോഹന് കുറച്ചുകൂടെ നേരത്തെ ഇന്ന് കളത്തിൽ എത്തിയേക്കും.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കണ്ട ആൻഡ്രെ ബിക്കി ഇല്ലാതെയാകും ജംഷദ്പൂർ വരുന്നത്. രാത്രി 8 മണിക്കാണ് മത്സരം. തത്സമയം ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാർ നെറ്റ്വർക്കിലും കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement