ഞെട്ടാൻ ഒരുങ്ങുക ബ്ലാസ്റ്റേഴ്സ്, വരുന്നു ബെർബച്ചോവും വെസ് ബ്രൗണും

- Advertisement -

കേരളം മാത്രമല്ല ഐ എസ് എൽ തന്നെ ഞെട്ടാനൊരുങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരങ്ങളായിരുന്ന സ്ട്രൈക്കർ ഡിമിച്ചാർ ബെർബചോവും ഡിഫൻസ്ഡർ വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു. ഇരുതാരങ്ങളും കേരളത്തിലേക്ക് എത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മുളൻസ്റ്റീനുമായി അടുത്ത വൃത്തങ്ങളാണ് വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ടറും ടാൽക്ക് സ്പോർട്സ് റിപ്പോർട്ടറുമായ ജിം വൈറ്റ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി തന്നെ വിവരങ്ങൾ തന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം റെനി മുളൻസ്റ്റീനുമായി ജിം വൈറ്റ് ടാൽക്ക് സ്പോർട്സ് റേഡിയോയിൽ ഇന്റർവ്യൂ നടത്തിയിരുന്നു അതിനു ശേഷമാണ് അദ്ദേഹം വെസ് ബ്രൗണും ഡിമിച്ചാർ ബെർബച്ചോവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകും താമസിയാതെ എന്നറിയിച്ചത്. ഇരു സൈനിങ്ങുകളും നടക്കുക ആണെങ്കിൽ അത് ഇന്ത്യ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച സൈനിങ്ങുകളായി മാറും. നേരത്തെ യുവ താരങ്ങൾക്കാകും മുൻഗണന നൽകുക എന്ന് റെനെ പറഞ്ഞിരുന്നു എങ്കിലും ഒരു സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയിമെന്ന് ഉറപ്പുണ്ടെങ്കിൽ പ്രായം താരങ്ങൾക്ക് തടസ്സമാകില്ല എന്നും റെനി അറിയിച്ചിരുന്നു.

ബൾഗേറിയ കണ്ട ഏറ്റവും മികച്ച താരമായ ബെർബച്ചോവ് അവസാന സീസണിൽ ഗ്രീസിലാണ് കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന ബെർബച്ചോവ് മാഞ്ചസ്റ്ററിനു വേണ്ടി നൂറിലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2010-11 സീസണിൽ മഞ്ചസ്റ്റർ റെക്കോർഡ് പ്രീമിയർ ലീഗ് നേട്ടത്തിലേക്ക് എത്തിയ വർഷത്തിൽ ബെർബച്ചോവായിരുന്നു താരം. ആ സീസണിൽ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും ബെർബ സ്വന്തമാക്കിയിരുന്നു. അവിശ്വസിനീയമെന്നു തോന്നുന്ന വിധത്തിലുള്ള ഫസ്റ്റ് ടച്ച് ഉള്ള ബെർബ അദ്ദേഹം പന്തു കൊണ്ട് കാണിക്കുന്ന മാജിക്കുകൾക്കാണ് അറിയപ്പെടുന്നത്. ടോട്ടൻ ഹാം, മൊണാക്കോ ടീമുകൾക്കും താരം കളിച്ചിട്ടുണ്ട്.

പതിനഞ്ചു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗൺ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യൻസ്ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗൺ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.

മാഞ്ചസ്റ്ററിനു വേണ്ടി 230ലധികം മത്സരങ്ങൾ ബ്രൗൺ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടിയും നിരവധി മത്സരങ്ങളിൽ ബ്രൗൺ ബൂട്ടു കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement