മരണപോരാട്ടത്തിന് കേരളവും ഗോവയും ഇന്ന് നേർക്കുനേർ

- Advertisement -

ഇന്ന് കൊച്ചിയിൽ നേർക്കുനേർ വരുമ്പോൾ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളത്തിനും ഗോവക്കും വിജയത്തിൽ കുറഞ്ഞ ഒന്നും മതിയാവില്ല. 8 മത്സരങ്ങളിൽ 9 പോയിൻ്റ് നേടി 7ാമതുള്ള കേരളവും 8 മത്സരങ്ങളിൽ 7 പോയിൻ്റുമായി അവസാന സ്ഥാനത്തുള്ള ഗോവക്കും അത് കൊണ്ട് തന്നെ ഈ മത്സരം മരണ പോരാട്ടമാവും. മികച്ച പ്രതിരോധം കൊണ്ട് ലീഗിൽ പിടിച്ച് നിൽക്കാമെന്ന കേരള പ്രതീക്ഷക്കായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ തിരിച്ചടി നേരിട്ടത്. വേണ്ടത്ര ഗോളുകൾ കണ്ടെത്താനാവാത്ത മുന്നേറ്റവും കോപ്പലിന് തലവേദന സൃഷ്ടിക്കുന്നു. എന്നാൽ 4 എവേ മത്സരങ്ങൾക്ക് ശേഷം കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുമ്പിൽ കളിക്കുന്നത് കേരളത്തിന് ഊർജ്ജം പകരും.

എ.എഫ്.സി കപ്പ് ഫൈനലിനു ശേഷമെത്തുന്ന സി.കെ വിനീതോ റിനോ ആൻ്റോയോ ഇന്ന് കേരളത്തിനായി കളിക്കില്ല. ഡൽഹിക്കെതിരെ വലിയ അബദ്ധത്തിലൂടെ വില്ലനായെങ്കിലും സന്ദീപ് നന്ദി ടീമിൽ തുടരാനാണ് സാധ്യത. സ്റ്റാക്കിനെ കളിപ്പിക്കുന്നത് ടീമിൻ്റെ ശക്തി കുറക്കുകയും ചെയ്യും. മുൻ മത്സരത്തിൽ ടീമിൽ വരുത്തിയ ഫലം കാണാത്തതിനാൽ കോപ്പൽ ടീമിൽ നല്ല മാറ്റം കൊണ്ട് വന്നേക്കും. മാർക്വീ താരം ആരോൺ ഹ്യൂസ് അയര്‍ലണ്ടിനു വേണ്ടി കളിക്കാന്‍ പോയതിനാല്‍ പ്രതിരോധത്തിൽ ഹെങ്ബർട്ടിനും ജിംഗനെയും തന്നെയാവും ബ്ലാസ്റ്റേഴ്സ് ഏറെ ആശ്രയിക്കുക. ഹോസു നൽകുന്ന ക്രോസുകൾ ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിനാവണം. മധ്യനിരയിൽ അസ്രാക് മഹ്മദ്, അധ്യാനിച്ച് കളിക്കുന്ന മെഹ്താബ് ഹുസൈൻ എന്നിവർക്ക് ഭാരിച്ച പണിയാണുള്ളത്. വേണ്ട ഗോൾ കണ്ടത്താൻ സാധിക്കാത്ത മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്സിൻ്റെ വലിയ തലവേദന. സീസണിൽ മുമ്പ് ഗോവക്കെതിരെ ഗോൾ കണ്ടത്തിയ റാഫി, ബെൽഫോർട്ട് എന്നിവർകൊപ്പം കഴിഞ്ഞ കളിയിൽ പുറത്തിരുന്ന മൈക്കൾ ചോപ്രയെ കോപ്പൽ തിരിച്ച് വിളിച്ചേക്കും. എന്നാൽ മുന്നേറ്റത്തിൽ ഒരു വലിയ പരീക്ഷണത്തിന് കോപ്പൽ മുതിരാനും സാധ്യതയുണ്ട്.

സുഭാഷിഷ് റോയ് ചൗധരിയാവും ഗോൾ വല കാക്കുക. പ്രതിരോധത്തിൽ ഗ്രിഗറി അർനോളിനൊപ്പം മാർക്വീ താരം ലൂസിയാനോ ടീമിലെത്തിയേക്കും. അങ്ങനെ വന്നാൽ കേരള മുന്നേറ്റത്തിന് അവരെ മറികടക്കുക അത്ര എളുപ്പമാവില്ല. മധ്യനിരയിൽ ജോഫ്രയെ ടീമിന് അമിതമായി ആശ്രയിക്കേണ്ടി വരുന്നു. അതിനാൽ തന്നെ റിച്ചാർൽയ്സൻ ഫെൽസ്ബിനോ റോമിയോ ഫെർണാണ്ടസ് തുടങ്ങിയവരുടെ പ്രകടനം നിർണ്ണായകമാവും. മുന്നേറ്റത്തിൽ റോബിൻ സിങിനൊപ്പം റാഫേൽ കോഹ്ലോയോ ജൂലിയോ ഡീസറോ കളിക്കാനാണ് സാധ്യത.

സീസണിൽ മുമ്പ് ഏറ്റു മുട്ടിയപ്പോൾ ബെൽഫോർട്ടിൻ്റെ മികച്ച ഗോളിൽ ജയിച്ച ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്. ലീഗിൽ പരസ്പരം ഏറ്റ് മുട്ടിയ 5 കളികളിൽ 3 എണ്ണത്തിലും ജയിച്ച ഗോവക്കാണ് കണക്കുകളിൽ മുൻതൂക്കം. 2 മത്സരങ്ങളിൽ ഗോവക്കെതിരെ വിജയം നേടാൻ കേരളത്തിനുമായി. വൈകിട്ട് 7 മണിക്ക് കൊച്ചിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement