രക്ഷകനായി സി കെ വിനീത്!! കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

- Advertisement -

കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം അങ്ങനെ എത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കലൂർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മലയാളി സൂപ്പർ താരം സി കെ വിനീതിന്റെ ഹെഡറാണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്.

വെസ് ബ്രൗണിന്റെ ഐ എസ് എൽ അരങ്ങേറ്റം കണ്ട മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഡിഫൻസീവ് മിഡിൽ ആണ് ബ്രൗൺ ഇറങ്ങിയത്. ബ്രൗണിന്റെ മിഡ്ഫീൽഡിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സിന് കളി നിയന്ത്രിക്കുന്നത് എളുപ്പമാക്കി. 24ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വീണത്. വലതു വിങ്ങിൽ നിന്ന് റിനോ ആന്റോ കൊടുത്ത തകർപ്പൻ ക്രോസ് ഉയർന്നു ചാടി വിനീത് വലയിൽ എത്തിക്കുക ആയിരുന്നു.

42ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ഫോർവേഡ് സിഫെനിയോസിനെ ഫൗൾ ചെയ്തതിന് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറും മലയാളിയുമായി രഹ്നേഷിന് ചുവപ്പു കാർഡ് കിട്ടി. അതോടെ നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരാനുള്ള വഴിയും അടയുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്ത് എത്തിയെങ്കിലും പോസ്റ്റ് ബ്ലാസ്റ്റേഴ്സിന് വിനയായി.

ജയത്തോടെ അഞ്ചു മത്സരങ്ങളിൽ ആറു പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 22ആം തീയതി ചെന്നൈയിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement