ജയം മാത്രം ലക്ഷ്യമാക്കി മരണ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ജയം മാത്രം ലക്‌ഷ്യം വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെ നേരിടും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തില്ലെന്ന് കോച്ച് ഡേവിഡ് ജെയിംസിന് അറിയാം. അത് കൊണ്ട് തന്നെ മികച്ച ടീമിനെ അണിനിരത്തിയാവും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക.

ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക് തൊട്ടുപിന്നിൽ അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് എത്താം. അത് കൊണ്ട് തന്നെ ഇന്ന് ബ്ലാസ്റ്റേഴ്സിന് വിജയം ഇന്ന് അനിവാര്യമാണ്.  കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന ബെർബെറ്റോവ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകരക്കാരുടെ ബെഞ്ചിലാവും ബെർബെറ്റോവിന്റെ സ്ഥാനം.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ടീമിലെത്തിച്ച ഐസ് ലാൻഡ് താരം ഗുഡോണ്‍ ബാല്‍ഡ്‍വിന്‍സൺ കഴിഞ്ഞ ദിവസങ്ങളിൽ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. ഗുഡോണും ബെർബെറ്റോവിനൊപ്പം പകരക്കാരുടെ ബെഞ്ചിൽ സ്ഥാനം നേടുമെന്നാണ് കരുതപ്പെടുന്നത്. സിഫ്‌നിയോസ് ടീം വിട്ടതിനു പിന്നാലെയാണ് ഗുഡോണ്‍ ബ്ലാസ്റ്റേഴ്‌സ് നിരയിൽ എത്തിയത്. കഴിഞ്ഞ തവണ ഡൽഹിയെ നേരിട്ടപ്പോൾ ഹാട്രിക് നേടിയ ഇയാൻ ഹ്യൂം തന്നെയാവും ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ കുന്തമുന. ഡൽഹിയിലെ ജയം ഡേവിഡ് ജയിംസിന്റെ കീഴിലെ ആദ്യ വിജയം കൂടിയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം ജംഷഡ്‌പൂരിനോട് തോൽവിയേറ്റുവാങ്ങിയാണ് ഡൽഹി ഡൈനാമോസ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കുറെ അവസാനിച്ചതാണ്. 11 മത്സരങ്ങളിൽ നിന്ന് വെറും 7 പോയിന്റുള്ള ഡൽഹി സെമിഫൈനലിൽ എത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial