കൊൽക്കത്തയോട് കണക്കുകൾ എണ്ണി തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സിന് ഇത്രയേറെ സങ്കടങ്ങൾ തന്ന മറ്റൊരു എതിരാളികൾ ഇല്ല എന്നു തന്നെ പറയാം. രണ്ടു തവണയാണ് കിരീടത്തിന് തൊട്ടടുത്ത് വെച്ച് എടികെ കൊൽക്കത്ത ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളുടെ കലം ഉടച്ചത്. ഇനിയും അതാവർത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമില്ല. കഴിഞ്ഞ ഐ എസ് എല്ലിലെ അവസാന മത്സരത്തിലെ കണക്കു മുതൽ ഒരോന്നായി എണ്ണി തീർക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുന്നത്.

ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ ഇത്ര ശക്തമായ പോരാട്ടമാണ് എന്നത് ഇരുടീമുകൾക്കും വെല്ലുവിളിയാണ്. ഡ്രാഫ്റ്റ് സിസ്റ്റം ആയതുകൊണ്ട് തന്നെ ഇരുടീമിലേയും ഭൂരിപക്ഷം കളിക്കാരും ആദ്യമായി ഒരുമിച്ച് കളിക്കുന്നവരാണ്. പരസ്പരം പൊരുത്തപ്പെട്ട് താളം കണ്ടെത്തുന്നതിനു മുമ്പെത്തിയ ഈ ഫിക്സ്ചർ ടീമിന്റെ പ്രകടനത്തെ ബാധിക്കും.

കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മോശം റെക്കോർഡാണ് കൊൽക്കത്തയ്ക്ക് എതിരെ ഉള്ളത്. കൊൽക്കത്ത ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ തവണ പരാജയപ്പെടുത്തിയിട്ടുള്ളത് ബ്ലാസ്റ്റേഴ്സിനെയാണ്. അഞ്ചു തവണ. അതു മാത്രമല്ല കൊച്ചിയിൽ വന്ന് ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച റെക്കോർഡും കൊൽക്കത്തയ്ക്കാണ്. ഇതുവരെ ആറു ഗോളുകൾ അവർ കലൂരിന്റെ ഗ്രൗണ്ടിൽ അടിച്ചു.

പക്ഷെ എല്ലാ റെക്കോർഡുകളും മാറിമറയാൻ ഒരു തുടക്കമുണ്ട് എന്നും അത് ഇന്ന് മുതൽ ആയിരിക്കും എന്നുമാണ് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ പറയുന്നത്. റെനെ മുളൻസ്റ്റീന്റെ അറ്റാക്കിംഗ് ഫുട്ബോൾ വിരുന്ന് കാണാൻ തന്നെയാണ് ആരാധകരും കാത്തു നിൽക്കുന്നത്. ട്രെയിനിംഗിലും താരങ്ങളുടെ ഇന്റർവ്യൂകളും വിശകലനം ചെയ്യുമ്പോൾ വൺ ടച്ച് അറ്റാക്കിംഗ് ഫുട്ബോൾ ശൈലി ആകും റെനെ പ്രാബല്യത്തിൽ കൊണ്ടു വരാൻ പോകുന്നത് എന്നു വേണം കരുതാൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെല്ലാം പൂർണ്ണ ഫിറ്റ്നെസ് തെളിയിച്ചിട്ടുണ്ട്. എടികെയ്ക്ക് ആകട്ടെ പ്രധാന താരം റോബി കീൻ പരിക്കേറ്റ് പുറത്താണ്. ഒപ്പം കാൾ ബേക്കർ കളിക്കുന്ന കാര്യവും സംശയത്തിലാണ്. പോൾ റചുബ്കയെ കളത്തിൽ ഇറക്കി നാലു ഔട്ട് ഫീൽഡ് വിദേശ താരങ്ങളെ കളിപ്പിക്കാനാകും ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുക എന്നാണ് വിവരങ്ങൾ. ബെർബറ്റോവ്, ഇയാൻ ഹ്യൂം, ബ്രൗൺ എന്നിവരും ആദ്യ ഇലവനിൽ ഉറപ്പായും ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അത്ഭുതമായി മാറിയേക്കുമെന്ന് അണിയറ സംസാരമുള്ള യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ പെകൂസൺ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മലയാളി താരങ്ങളായ സി കെ വിനീതും, റിനോ ആന്റോയും ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

ഇന്ന് വൈകിട്ട് 7.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കളി തത്സമയം ഏഷ്യാനെറ്റ് മൂവീസ് സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരഞ്ജി ട്രോഫി: കേരളം ഇന്ന് സൗരാഷ്ട്രയ്ക്കെതിരെ
Next articleഎഫ് സി കേരളയിൽ U14 ഗോൾകീപ്പർ ട്രയൽസ്