ഡെൽഹി ഗോൾ വല നിറച്ച് ബെംഗളൂരു നീലപ്പട ഒന്നാമത്

- Advertisement -

 

ഡെൽഹി ഡൈനാമോസിനെ തച്ചുതകർത്ത് കൊണ്ട് ബെംഗളൂരു എഫ് സി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ഓസ്ട്രേലിയൻ താരം എറിക് പാർതാലുവിന്റെ ഇരട്ട ഗോളുകളാണ് ഡെൽഹിയെ ഇത്ര വലിയ പരാജയത്തിലേക്ക് നയിച്ചത്.

കളിയിൽ സമ്പൂർണ്ണ ആധിപത്യം തുടക്കം മുതൽ നിലനിർത്തിയ ബെംഗളൂരു എഫ് സിയെ ആദ്യ മുന്നിലെത്തിച്ചത് പാർതാലു ആയിരുന്നു. 24ആം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറാണ് ഓസ്ട്രേയൻ താരത്തിന് ആദ്യ ഗോൾ നേടികൊടുത്തത്. എഡു ഗാർസിയയുടെ ബോക്സിലേക്കുള്ള പന്ത് കാബ്ര പാർതാലുവിന് ഫിനിഷ് ചെയ്യാനായി ഹെഡ് ചെയ്തു കൊടുക്കുക ആയിരുന്നു.

ആദ്യ പകുതിയുടെ അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടു മുന്നേ വീണ്ടു പാർതാലു ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ലെനി റോഡ്രിഗസും വിദേശ താരം മികുവുമാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ആൽബിനോ ഗോമസ് എന്ന ഗോൾ കീപ്പറുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഇതിലും വലിയ പരാജയമായേനെ ഡെൽഹിക്ക്.

പെനാൾട്ടി സ്പോട്ടിൽ നിന്ന് കാലു ഉചെ ആണ് ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത്. രണ്ട് മത്സരങ്ങളും വിജയിച്ച ബെംഗളൂരു എഫ് സി ആറു പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement