ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു, ബൾഗേറിയൻ ബെർബ ഇനി കലൂരിന്റെ ബെർബ!!!

ഈ സീസൺ ബ്ലാസ്റ്റേഴ്സിന്റെ അല്ല എന്നു ഇപ്പോഴും സംശയമുണ്ടോ? എങ്കിൽ കാത്തിരിക്കൂ നമ്മുടെ നമ്പർ 9ന്റെ പേരു കേൾക്കുന്നതു വരെ. ഇതായിരുന്നു ബെർബയുടെ സൈനിംഗ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഒപ്പം ഏറ്റവ വലിയ പ്രൊഫൈൽ ഉള്ള സ്റ്റാർ. ഡിമിച്ചാർ ബെർബറ്റോവിന്റെ മഞ്ഞ ജേഴ്സിയിലേക്കുള്ള വരവ് രാജകീയമായി തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ മുതൽ ബൾഗേറിയൻ മാധ്യമങ്ങൾ ബെർബയുടെ കേരളത്തിലേക്കുള്ള വരവ് വാർത്തയാക്കിയിരുന്നു. താരത്തിന്റെ ഏജന്റ് ബൾഗേറിയൻ മാധ്യമങ്ങൾക്കു നൽകിയ ഇന്റർവ്യൂ ആണ് ബെർബയുടെ കേരളത്തിലേക്കുള്ള വരവ് ബൾഗേറിയൻ മാധ്യമങ്ങൾ നേരത്തെ ഉറപ്പിക്കാൻ കാരണം. ഏകദേശം 7.15 കോടിയോളം രൂപയ്ക്കാണ് ബെർബയെ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിക്കുന്നത്. കോടിയുടെ കണക്കു വെച്ചാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമത്തെ വലിയ സൈനിംഗ് ആകും ഇത്.

ബെർബയുടെ സൈനിംഗോടെ ഏഴു വിദേശ താരങ്ങളായി കേരള ബ്ലാസ്റ്റേഴ്സിൽ. ഒരു താരത്തെ കൂടി വേണമെങ്കിൽ ബ്ലാസ്റ്റേഴ്സിനു സൈൻ ചെയ്യാം. പക്ഷെ അതു നിർബന്ധമില്ല. ഇയാൻ ഹ്യൂം, വെസ് ബ്രൗൺ, ലാകിച് പെസിച്, പെകൂസൺ, പോൾ റഹുബ്ക, മാർക് സിഫ്നിയോസ് എന്നീ താരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരങ്ങൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോലുള്ള ക്ലബുകൾ തങ്ങളുടെ ആദ്യ വിദേശ സൈനിംഗ് വരെ ഉറപ്പിക്കാതെ നടക്കുമ്പോഴാണ് കേരള മാനേജ്മെന്റ് അവരുടെ ഏഴാം സൈനിങ്ങിനേയും പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും മാനേജ്മെന്റിന്റെ നേട്ടമാണ്.

അടുത്ത മാസം സ്പെയിനിൽ പ്രീ സീസണായി പോകാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിനൊപ്പം സ്പെയിനിൽ വെച്ചാകും സൂപ്പർ താരം ബെർബ ചേരുക. മാഞ്ചസ്റ്റർ യുണൈറ്റഡിലും ടോട്ടൻഹാമിലും കാഴ്ച വെച്ച മാജിക്കുകൾ ഇനി കലൂരിലും താരം കാണിക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെസ് ഹാമിനെതിരെ റൊണാൾഡോയ്ക്ക് ഒരുക്കിയ മാജിക്ക് അസിസ്റ്റ് പോലൊരു മാജിക്ക് കലൂരിനായും ബെർബ മാറ്റിവെച്ചിട്ടുണ്ടാകുമോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഫ് കപ്പ്, നേപ്പാളിനേയും വീഴ്ത്തി ഇന്ത്യൻ കുട്ടികൾ സെമിയിൽ
Next articleമഹ്മുദ് ആമ്നയുടെ മികവിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം ജയം