ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ പ്രതീക്ഷ പരത്തിയ ഫലം, ഗോവയെ വീഴ്ത്തി ബെംഗളൂരു പ്ലേ ഓഫിലേക്ക്

ഐഎസ്എലില്‍ ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്പിച്ച് ബെംഗളൂരു എഫ് സി. വിജയത്തോടെ ബെംഗളൂരു എഫ് സി 33 പോയിന്റുകളുമായി തൊട്ടടുത്ത പൂനെയെക്കാളും എട്ട് പോയിന്റ് മുന്നിലായാണ് നില കൊള്ളുന്നത്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചിട്ടുള്ള ഗോവ 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. മത്സരത്തിന്റെ ഇരു പകുതികളിലായാണ് ബെംഗളൂരു ഗോവന്‍ വല ചലിപ്പിച്ചത്. 35ാം മിനുട്ടില്‍ എഡു ഗാര്‍സിയയും 82ാം മിനുട്ടില്‍ ഡിമാസ് ഡെല്‍ഗാഡോയുമാണ് 15000ത്തോളം വരുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്.

വിജയത്തോടെ പ്ലേഓഫുകളിലേക്ക് കടക്കുന്ന ആദ്യ ടീമായി ഐഎസ്എല്‍ അരങ്ങേറ്റം കുറിച്ച ബെംഗളൂരു എഫ് സി. ഇത് ബെംഗളൂരുവിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ശേഷവും ഗോള്‍ മടക്കുവാനുള്ള ആവേശം ഗോവന്‍ താരങ്ങളില്‍ പ്രകടമായിരുന്നില്ല. ഇതിനിടെ മത്സരത്തിന്റെ അവസാനത്തോടടുത്ത് രണ്ടാം ഗോള്‍ കൂടി ബെംഗളൂരു നേടിയതോടെ ഗോവന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version