ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു – ചെന്നൈ സൗത്ത് ഇന്ത്യൻ പോരാട്ടം

ഐ എസ് എല്ലിലെ സൗത്ത് ഇന്ത്യൻ ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ് സി ചെന്നൈയിനെ നേരിടും. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സ്വന്തം കാണികൾക്ക് മുൻപിൽ ആദ്യ ഐ എസ് എൽ സീസണിൽ തന്നെ കിരീടം നേടാനുറച്ച് തന്നെയാണ് ബെംഗളൂരു ഇറങ്ങുന്നത്. ആദ്യ ഐ ലീഗ് സീസണിലും ബെംഗളൂരു കിരീടം നേടിയിരുന്നു. അത് ആവർത്തിക്കാനാവും ബെംഗളുരുവിന്റെ ശ്രമം.

ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയിനെക്കാൾ 8 പോയിന്റിന്റെ ലീഡ് നേടിയാണ് ബെംഗളൂരു ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ് മികച്ച ഫോമിലുള്ള ബെംഗളൂരു എഫ് സി. അത് കൊണ്ട് കിരീടം നേടാനുറച്ച് തന്നെയാവും അവർ ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുക. സെമിയിൽ പൂനെ സിറ്റിയെ രണ്ടു പാദങ്ങളിലുമായി 3 -1 ന് തോൽപിച്ചാണ് ബെംഗളൂരു ഫൈനലിൽ എത്തിയത്. രണ്ടാം പാദത്തിൽ സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ് ബെംഗളുരുവിന് ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്.

ക്ലബ്ബിന്റെ രൂപീകരണം മുതൽ ഓരോ വർഷവും കിരീടം നേടിയ റെക്കോർഡുമായാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. ഈ വർഷവും കപ്പ് നേടി ആ റെക്കോർഡ് പിന്തുടരാനാവും ബെംഗളുരുവിന്റെ ശ്രമം. അതെ സമയം കഴിഞ്ഞ ഐ എസ് എൽ സീസണുകളിൽ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനെത്തിയ ഒരു ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല. 2014ൽ ചെന്നൈയിനും 2015ൽ ഗോവയും 2016ൽ മുംബൈയും ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടും കിരീടം നേടിയിരുന്നില്ല.

അതെ സമയം 2016ൽ കിരീടം നേടിയ പ്രകടനം ആവർത്തിക്കാനാവും ചെന്നൈയിന്റെ ശ്രമം. എ.ടി.കെയല്ലാതെ ഐ എസ് എൽ കിരീടം നേടിയ ഏക ടീമും കൂടിയാണ് ചെന്നൈയിൻ. ഇന്ന് കിരീടം നേടിയാൽ രണ്ടു തവണ കിരീടം നേടിയ എ ടി കെക്കൊപ്പം എത്താനും ചെന്നൈയിന് കഴിയും. സെമിയിൽ എഫ് സി ഗോവയെ രണ്ടു പാദങ്ങളിലുമായി  4 -1ന് തോൽപ്പിച്ചാണ് ചെന്നൈയിൻ ഫൈനലിൽ പ്രേവേശിച്ചത്. രണ്ടാം പാദത്തിൽ ജെജെയുടെ ഇരട്ടഗോളുകളും ധൻപാൽ ഗണേഷിന്റെ ഗോളുകളുമാണ് ചെന്നൈയിന് ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്.

നേരത്തെ ബെംഗളൂരു വെച്ച് ചെന്നൈയിനും ബെംഗളൂരുവും ഏറ്റുമുട്ടിയപ്പോൾ ജയം നേടിയത് ചെന്നൈയിൻ ആയിരുന്നു. അത് കൊണ്ട് തന്നെ ബെംഗളൂരുവിനെ മറികടന്ന്  ചെന്നൈയിൻ ജയം നേടുമെന്ന് തന്നെയാണ് ചെന്നൈയിൻ ആരാധകരുടെ പ്രതീക്ഷ. അന്ന് ജെജെയും ധൻപാൽ ഗണേഷും നേടിയ ഗോളുകളിലാണ് ചെന്നൈയിൻ ബെംഗളൂരുവിനെ മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial