സന്ദേശ് ജിങ്കന് പുതിയ ക്ലബ്, ഇനി ബെംഗളൂരു എഫ് സിയിൽ

ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കന് പുതിയ ക്ലബ്. ജിങ്കനെ ബെംഗളൂരു എഫ് സിയാണ് സ്വന്തമാക്കിയത്. എ ടി കെ മോഹൻ ബഗാൻ വിട്ട താരത്തിന് വിദേശത്ത് നിന്ന് ഓഫറുകൾ ഉണ്ട് എന്ന് വാർത്തകൾ ഉയർന്നു എങ്കിലും അവസാനം താരം ഐ എസ് എല്ലിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തുക ആയിരുന്നു‌. ജിങ്കനെ ഒരു വർഷത്തെ കരാറിൽ ആണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരുവിന് ഒപ്പം ഐ ലീഗിൽ ജിങ്കൻ കളിച്ചിട്ടുണ്ട്.

ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാൽ ആയിരുന്നു മോഹൻ ബഗാൻ ജിങ്കനെ ഒഴിവാക്കിയത്. നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്.

29കാരനായ താരത്തിന്റെ വരവ് ബെംഗളൂരു എഫ് സിക്ക് ഗുണമാകും.

Story Highlight: Bengaluru FC Signed Sandesh Jhingan