Picsart 23 12 14 12 50 13 724

ബെംഗളൂരു എഫ് സിയെ രക്ഷിക്കാൻ പുതിയ പരിശീലകൻ

ബെംഗളൂരു എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. 2024-25 സീസണിന്റെ അവസാനം വരെയുള്ള കരാറിൽ സ്പാനിഷ് പരിശീലകൻ ജെറാർഡ് സരഗോസ ആൺ ക്ലബ്ബിന്റെ പുതിയ ഹെഡ് കോച്ചായി എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്‌സിയോട് 4-0 ന് തോറ്റതിനെത്തുടർന്ന് ക്ലബ് വിട്ട ഇംഗ്ലീഷ് കോച്ച് സൈമൺ ഗ്രേസണു പകരമാണ് സരഗോസ എത്തുന്നത്.

2018-19 ലെ ബെംഗളൂരുവിന്റെ ഐ‌എസ്‌എൽ ജേതാക്കളായ ടീമിൽ കാൾസ് ക്വാഡ്‌റാറ്റിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന നാൽപ്പത്തൊന്നുകാരനായ സരഗോസ. വിസ നടപടിക്രമങ്ങളും യാത്രാ രേഖകളും പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബെംഗളൂരുവിൽ എത്തും.

“ജെറാർഡിനെ ബെംഗളൂരു എഫ്‌സിയിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി, ഏഷ്യയിലുടനീളമുള്ള മികച്ച ലീഗുകളിൽ ഹെഡ് കോച്ചായി ജെറാർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു.” ക്ലബ് ഉടമയും ഡയറക്ടറുമായ പാർത്ത് ജിൻഡാൽ പറഞ്ഞു.

സരഗോസ ഗ്രീക്ക് ടീമായ പാൻസെറൈക്കോസിലും യുഎഇ പ്രോ ലീഗ് ടീമായ ഖോർ ഫക്കൻ ക്ലബ്ബിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അർജന്റീനിയൻ സെബാസ്റ്റ്യൻ വേഗയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചു.

Exit mobile version