പുത്തൻ ഉണർവിൽ ബെംഗളുരുവിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരു എഫ്.സിയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എ.എഫ്.സി കപ്പ്  മത്സരത്തിൽ ഭൂട്ടാൻ ക്ലബായ ട്രാൻസ്‌പോർട് യൂണൈറ്റഡിനെതിരെ സമനില വഴങ്ങിയതിനു പിന്നാലെയാണ് ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ ഐ.എസ്.എൽ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ പിൻബലത്തിലാണ് ബെംഗളൂരു നോർത്ത് ഈസ്റ്റിനെ നേരിടാനിറങ്ങുന്നത്. 3-1നാണ് ബെംഗളൂരു മുംബൈ സിറ്റിയെ തറപറ്റിച്ചത്. നോർത്ത് ഈസ്റ്റ് ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ചാണ് ബെംഗളുരുവിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെയാണ് നോർത്ത് ഈസ്റ്റ് 3-1നു തോൽപ്പിച്ചത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.

മികച്ച ഫോമിലുള്ള ആക്രമണ നിരയാണ് ബെംഗളൂരുവിന്റെ ശക്തി. ഉദാന്ത സിങ്ങും സുനിൽ ഛേത്രിയും മിക്കുവും അടങ്ങിയ ആക്രമണ നിര മികച്ച ഫോമിലാണ്.11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളുമായി മികുവും 7 ഗോളുകളുമായി ഛേത്രിയും ലീഗിലെ ഗോളടിക്കാരുടെ പട്ടികയിൽ മുൻപിലുണ്ട്. അവ്റാം ഗ്രാന്റിന് കീഴിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങിയ നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ മുന്നേറാനുള്ള ശ്രമത്തിലാണ്. മികച്ച ഫോമിലുള്ള സിമെൻലെൻ ഡൗൺങ്കൽ കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് നാല് ഗോളും നേടിയിട്ടുണ്ട്.

11 കളികളിൽ നിന്ന് 22 പോയിന്റുമായി ബെംഗളൂരു എഫ്.സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.  10 കളികളിൽ നിന്ന് 10 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial