ചെന്നൈയിൻ പ്രതിരോധം മറികടക്കാൻ ബെംഗളൂരു

- Advertisement -

സൗത്ത് ഇന്ത്യൻ ടീമുകളുടെ പോരാട്ടത്തിൽ ബംഗളുരു എഫ്.സി സ്വന്തം തട്ടകത്തിൽ ചെന്നൈയിൻ എഫ്.സിയെ നേരിടും. മികച്ച ആക്രമണ ഫുട്ബോൾ കളിക്കുന്ന ബെംഗളൂരു എഫ്.സിയെ പ്രതിരോധത്തിലെ മികവ് പുറത്തെടുത്ത് തറപറ്റിക്കാനാവും ചെന്നൈയിൻ എഫ്.സിയുടെ ശ്രമം.

പൂനെ സിറ്റിയെ അവരുടെ ഗ്രൗണ്ടിൽ 3 – 1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബെംഗളൂരു ഇന്നിറങ്ങുക. അതെ സമയം മുംബൈ സിറ്റി എഫ്.സിയോടേറ്റ തോൽ‌വിയിൽ നിന്ന് കരകയറി വിജയവഴിയിൽ തിരിച്ചെത്താനാവും ചെന്നൈയിന്റെ ശ്രമം.

ബെംഗളൂരു നിരയിൽ 6 ഗോളുകളുമായി മികച്ച ഫോമിലുള്ള മികു മികച്ച ഫോമിലാണ്. മിഡ്‌ഫീൽഡിൽ നിന്ന് മിക്കുവിന് തുടർച്ചയായി പന്തെത്തിച്ചു കൊടുക്കുന്ന എഡു ഗാർസിയയും ചെന്നൈയിന് തലവേദന സൃഷ്ട്ടിക്കും. ചുവപ്പ് കാർഡ് കിട്ടിയത് മൂലം രണ്ട് മത്സരങ്ങളിൽ വിലക്ക് മൂലം പുറത്തിരുന്ന ഗോൾ കീപ്പർ ഗുർപ്രീത് സന്ധു ബെംഗളൂരു നിരയിൽ തിരിച്ചെത്തും.

ആദ്യ മത്സരത്തിൽ ഗോൾ വഴങ്ങിയ പ്രതിരോധം മികച്ച ഫോമിലെത്തിയത് ചെന്നൈയിന് പുത്തൻ ഉണർവേകും. ഹെൻറിക് സെറെനോയും മൈൽസൺ ആൽവേസും ചേർന്നുള്ള പ്രതിരോധം ഐ.എസ്.എല്ലിലെ പേരുകേട്ട ബെംഗളൂരു ആക്രമണ നിരക്ക് ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കും.

5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ നിന്ന് തന്നെ 9 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement