
കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് കരകയറാൻ എഫ്.സി ഗോവ ഇന്ന് ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും. മുംബൈ സിറ്റിക്കെതിരെ മികച്ച ബോൾ പൊസഷൻ ഉണ്ടായിട്ടും തോൽക്കാനായിരുന്നു ഗോവയുടെ വിധി. 2-1 നാണ് മുംബൈയോട് ഗോവ തോറ്റത്. ഗോൾ വലക്ക് മുൻപിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ച കട്ടിമണിയുടെ പിഴവാണ് കഴിഞ്ഞ മത്സരത്തിൽ ഗോവക്ക് വിനയായത്.
എഫ്.സി.ഗോവയുടെ ആദ്യം ഹോംമത്സരം കൂടിയാണ് ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിൽ പിഴവ് വരുത്തിയ ലക്ഷ്മികാന്ത് കട്ടിമണി ഇന്ന് ടീമിൽ ഇടം നേടുമോ എന്നും ഉറപ്പില്ല. സ്പാനിഷ് താരങ്ങളായ മാനുവൽ ലാൻസറോട്ടെയും മാനുവൽ ആരാനയും മികച്ച ഫോമിലാണ് എന്നുള്ളത് ഗോവക്ക് പ്രതീക്ഷ നൽകും. മറുവശത്തു ബെംഗളൂരു മികച്ച ഫോമിലാണ്. ഗോവ കോച്ച് ലോബേര മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിലെ മികച്ച ടീമാണെന്ന് പറഞ്ഞിരുന്നു.
ബെംഗളൂരു എഫ്.സിയാവട്ടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 ഗോളടിച്ച്കൊണ്ട് മികച്ച ഫോമിലാണ്. മാത്രവുമല്ല ഒരു ഗോൾ മാത്രം വഴങ്ങിയ അവരുടെ പ്രധിരോധവും അവർക്ക് ആത്മവിശ്വാസം നൽകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബെംഗളൂരു എഫ്.സി ജയിച്ചത്. ഡൽഹിക്കെതിരെ രണ്ട് ഗോളടിച്ച എറിക് പാർട്ടലു തന്നെയാവും ഈ മത്സരത്തിലും ബെംഗളൂരു എഫ്.സിയുടെ ആക്രമണം നയിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial