സ്വന്ത ഗ്രൗണ്ടിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ബെംഗളൂരു എ.ടി.കെക്കെതിരെ

കഴിഞ്ഞ തവണത്തെ ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെ ലീഗിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരിവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിൽ വെച്ച് 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബെംഗളൂരു എഫ്.സി ഇറങ്ങുന്നത്. അതെ സമയം ലീഗിലെ തുടക്കത്തിലേ തിരിച്ചടികൾ മറികടന്നു ഫോമിലേക്കുയരുന്ന എ.ടി.കെ എഫ്.സി ഗോവയുമായി സമനില പിടിച്ചതിന്റെ പിന്നാലെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ 3 മത്സരത്തിൽ തോൽവിയറിയാത്തതും സൂപ്പർ താരം റോബി കീൻ ഫോമിലെത്തിയതും എ.ടി.കെയുടെ പ്രതീക്ഷ വർദ്ധിപ്പിക്കും.

സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരുവിന് പക്ഷെ അവസാന രണ്ട് കളികളിൽ സ്വന്ത ഗ്രൗണ്ടിൽ വിജയിക്കാനായിട്ടില്ല. സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്‌പൂരും ചെന്നൈയിനുമാണ് ബെംഗളൂരു എഫ്.സിയെ അവസാന മത്സരങ്ങളിൽ തറപറ്റിച്ചത്. ഇന്നത്തെ മത്സരം ജയിച്ചാൽ ബെംഗളുരുവിന് പൂനെ സിറ്റിയെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും സാധിക്കും. അത് കൊണ്ട് തന്നെ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു കോച്ച് ആൽബർട്ട് റോക്ക ആഗ്രഹിക്കുന്നില്ല.

സ്വന്തം ഗ്രൗണ്ടിൽ അവസാനം തോറ്റ രണ്ട് മത്സരങ്ങളിലും അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങിയാണ് ബെംഗളൂരു എഫ്.സി മത്സരങ്ങൾ കൈവിട്ടത്. 8 ഗോളുകൾ നേടി മികച്ച ഫോമിലുള്ള മിക്കുവാണ് ബെംഗളൂരു എഫ്.സിയുടെ തുറുപ്പുശീട്ട്. മുൻ ബെംഗളൂരു കോച്ച് ആഷ്‌ലി വെസ്റ്റ്ഡി വുഡിന് ബെംഗളൂരുവിലേക്കുള്ള തിരിച്ച് വരവ് കൂടിയാവും ഇത്. ഈ സീസണിന്റെ തുടക്കത്തിലാണ് വെസ്റ്റ് വുഡ്  ബംഗളുരുവിൽ നിന്ന് എ.ടി.കെയിലെത്തിയത്.

പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള എ.ടി.കെ ലീഗിലെ ആദ്യ മത്സരങ്ങളിൽ ഏറ്റ തിരിച്ചടിക്ക് ശേഷം മികച്ച ഫോമിലാണ്. റോബി കീൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നതോടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റോബി കീൻ ഗോൾ നേടിയിരുന്നു. അതെ സമയം ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ക്ലബായ വോൾവ്സ് റോബി കീനായി രംഗത്ത് എത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വാർത്ത സത്യമാണെങ്കിൽ അത് എ.ടി.കെക്ക് തിരിച്ചടിയാവും. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് നേടി ടീം ഫോമിലേക്കുള്ള ലക്ഷണങ്ങൾ കാണിച്ചതും ആരാധകർക്ക് പ്രതീക്ഷ നൽകും. 7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ലീഗിൽ ഏഴാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതോൽ‌വിയിൽ നിന്ന് കരകയറാൻ ഡൽഹി ഡൈനാമോസ് ഇന്ന് ചെന്നൈയിനെ നേരിടും
Next articleഇംഗ്ലണ്ടിനെക്കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി