രണ്ടു ഗോളിന് എ.ടി.കെയെയും മറികടന്ന് ബെംഗളൂരു

എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ ബേക്കേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റിനു മുൻമ്പിൽ അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി.

മത്സരം തുടങ്ങി മൂന്നാമത്തെ മിനുറ്റിൽ തന്നെ ബെംഗളൂരു മുൻമ്പിലെത്തി. ജോർഡി മൊണ്ടേലിന്റെ സെൽഫ് ഗോളാണ് ബെംഗളുരുവിനു ലീഡ് നേടി കൊടുത്തത്. ഉദാന്ത സിംഗിന്റെ ക്രോസ്സ് മൊണ്ടേൽ ക്ലിയർ ചെയ്യുന്നതിനിടയിൽ സെൽഫ് ഗോളാവുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത എ.ടി.കെ പലതവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾ പോസ്റ്റും മികച്ച ഫോമിലുള്ള ഗുർപ്രീത് സിംഗിന്റെ രക്ഷപെടുത്തലുകളും ബെംഗളുരുവിനു തുണയായി. തുടർന്നാണ് 7 മിനുറ്റിനിടെ രണ്ടാമത്തെ മഞ്ഞ കാർഡ് വാങ്ങി രാഹുൽ ബേക്കേ പുറത്തുപോയത്.

ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയതോടെ മുഴുവൻ കളിക്കാരെയും ആക്രമണത്തിന് പറഞ്ഞയച്ചതോടെ കിട്ടിയ അവസരം മുതലാക്കി മികു മത്സരം ബെംഗളുരുവിന്റേതാക്കി. എറിക് പാർട്ടാലുവിന്റെ പാസിൽ നിന്നാണ് മികു ഗോൾ നേടിയത്. തുടർന്നും ഗോൾ നേടാൻ എ.ടി.കെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.

എ.ടി.കെയുടെ തുടർച്ചയായ നാലാമത്തെ തോൽവിയായിരുന്നു ഇത്. ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽ ഇത് മൂന്നാമത്തെ തോൽവിയും ആയിരുന്നു. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി എ.ടി.കെ എട്ടാം സ്ഥാനത്താണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article11 ഗോളടിച്ച് ഇന്ത്യൻ കുട്ടികൾക്ക് ഉജ്ജ്വല ജയം
Next articleസാഞ്ചസിന് ആദ്യ ഗോൾ, യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ മികച്ച ജയം