മിക്കൂ ഗോളില്‍ ബെംഗളൂരുവിനു ജയം

- Advertisement -

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നാട്ടില്‍ ചെന്ന് തോല്പിച്ച് ബെംഗളൂരു എഫ്സിയ്ക്ക് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം. ജയത്തോടെ ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മിക്കു നേടിയ ഗോളിലാണ് ബെംഗളൂരു ജയം ഉറപ്പിച്ചത്. ഗോള്‍ വീണ ശേഷം തീവ്രമായ ആക്രമണങ്ങള്‍ നോര്‍ത്തീസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ബെംഗളൂരു പ്രതിരോധ കോട്ടയില്‍ തട്ടി അവ അകലുകയായിരുന്നു. നാല് മിനുട്ട് ഇഞ്ച്വറി ടൈമിനു ശേഷം 1-0 ജയം സ്വന്തമാക്കാന്‍ ഛേത്രിയ്ക്കും സംഘത്തിനുമായി.

തുടക്കത്തില്‍ മെല്ലെ തുടങ്ങിയ മത്സരം ഏകദേശം 20 മിനുട്ടുകള്‍ക്ക് ശേഷം വേഗത കൈവരിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചുവെങ്കിലും ഗോള്‍ മാത്രം വീണില്ല. ആദ്യ പകുതി അന്ത്യത്തോടടുത്തപ്പോള്‍ നിരന്തരം ആക്രമണത്തിലൂടെ നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ബെംഗളൂരുവിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഗോള്‍ വഴങ്ങാതെ പിരിയുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി മിക്കുവിന്റെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തുന്നതാണ് കണ്ടത്. മത്സരത്തിന്റെ 47ാം മിനുട്ടിലാണ് ടിപി രഹനേഷിന്റെ പിഴവില്‍ നിന്ന് വന്ന പന്തില്‍ നിന്നാണ് ബെംഗളൂരുവിന്റെ ഗോള്‍ പിറന്നത്. ഉദാന്ത സിംഗ് നല്‍കിയ പാസ് മിക്കു അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിലും ഇരു ടീമുകള്‍ക്കും പല അവസരങ്ങളും ലഭിച്ചുവെങ്കിലും കൂടുതല്‍ ഗോളുകള്‍ മത്സരത്തില്‍ പിറന്നില്ല. മത്സരത്തിന്റെ 90ാം മിനുട്ടില്‍ ഡാനിലോയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചുവെങ്കിലും അത് ഗോള്‍കീപ്പര്‍ രക്ഷിക്കുകയായിരുന്നു.

മത്സരത്തില്‍ ആകെ ആറ് മഞ്ഞ കാര്‍ഡുകളാണ് കണ്ടത്. നാലെണ്ണം ആതിഥേയര്‍ സ്വന്തമാക്കിയപ്പോള്‍ 2 എണ്ണത്തിനുടമകളാകാന്‍ ബെംഗളൂരുവിനും ആയി. പൊസഷനില്‍ മുന്‍തൂക്കം ബെംഗളൂരുവിനായിരുന്നുവെങ്കിലും അവസരം സൃഷ്ടിച്ചതില്‍ നോര്‍ത്തീസ്റ്റായിരുന്നു മുന്‍ പന്തിയില്‍. 6 കോര്‍ണര്‍ക്കിക്കുകള്‍ സ്വന്തമാക്കുവാനും ആതിഥേയര്‍ക്ക് സാധിച്ചു. ഫൗളുകളിലും മുന്നില്‍ നോര്‍ത്തീസ്റ്റ് തന്നെയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement