അവസാന നാലു മിനുട്ടിൽ വിജയം കൈവിട്ട് ബെംഗളൂരു എഫ് സി

ഇന്ന് ലീഗിലെ തങ്ങളുടെ അവസാന മത്സരം വിജയം കൊണ്ട് അവസാനിപ്പിക്കാനുള്ള അവസരം ബെംഗളൂരു എഫ് സി കൈവിട്ടു. ഇന്ന് ഐ എസ് എല്ലിൽ എ ടി കെ കൊൽക്കത്തയെ നേരിട്ട ബെംഗളൂരു എഫ് സി 2-2ന്റെ സമനില ആണ് വഴങ്ങിയത്. മത്സരത്തിന്റെ 86 മിനുട്ട് വരെ ബെംഗളൂരു എഫ് സി 2-0ന് മുന്നിൽ ആയിരുന്നു. പിന്നീടാണ് എ ടി കെ തിരിച്ചടിച്ചത്.

മത്സരത്തിന്റെ 17ആം മിനുട്ടിൽ ദിമാസ് ദെൽഗാഡോയും 35ആം മിനുട്ടിൽ കീവോണും നേടിയ ഗോളുകൾക്കാണ് ബെംഗളൂരു തുടക്കത്തിൽ 2 ഗോളുകൾക്ക് മുന്നിൽ എത്തിയത്. കീവോണിന്റെ ഗോളിന് അസിസ്റ്റ് നൽകിയത് മലയാളി താരമായ ലിയോൺ അഗസ്റ്റിൻ ആയിരുന്നു. കളിയിൽ വിജയം ഉറപ്പിച്ചു എന്ന് തോന്നിയ ബെംഗളൂരു എഫ് സിക്ക് പക്ഷെ അവസാനം എല്ലാം പിഴച്ചു.

86ആം മിനുട്ടിൽ എഡു ഗാർസിയയുടെ വക ആദ്യ ഗോൾ. പിന്നാലെ ഇഞ്ച്വറി ടൈമിൽ സൂസൈരാജിലൂടെ സമനില ഗോളും എ ടി കെ കണ്ടെത്തി. ഈ സമനിലയോടെ‌ 18 മത്സരങ്ങളിൽ നിന്ന് 34 പോയന്റുമായി എ ടി കെ കൊൽക്കത്ത ലീഗ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. 18 മത്സരങ്ങളിൽ 30 പോയന്റുള്ള ബെംഗളൂരു ഇപ്പോൾ മൂന്നാം സ്ഥാനത്താണെങ്കിലും ചെന്നൈയിൻ അവസാന മത്സരം വിജയിച്ചാൽ അവരാകും മൂന്നാമത് ഫിനിഷ് ചെയ്യുക.