ഇനി ഐ എസ് എല്ലിനില്ല, അത്ലറ്റിക്കോ മാഡ്രിഡ് കൊൽക്കത്ത വിടുമെന്ന് ഉറപ്പായി

- Advertisement -

മൂന്നു വർഷമായി ഐ എസ് എല്ലിൽ അത്ലറ്റിക്കോ കൊൽക്കത്തയ്ക്ക് വേണ്ടി നൽകിയതെല്ലാം ഉപേക്ഷിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ് വിടുകയാണ്. ഐ എസ് എൽ മൂന്നാം സീസൺ കഴിഞ്ഞപ്പോൾ മുതൽ അത്ലറ്റിക്കോ കൊൽക്കത്ത വിട്ട് അത്ലറ്റിക്കോ മാഡ്രിഡ് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ മാർസ തന്നെ അതിപ്പോൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്.

ക്ലബ് ഉടകകളുമായുള്ള തർക്കമാണ് ക്ലബ് വിടാനുള്ള കാരണം എന്നാണ് മാർസ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ഐ എസ് എല്ലിന്റെ കാലാവധി വർധിപ്പിച്ചത് ചിലവു കൂട്ടുമെന്നും അതിനു വേണ്ടി കൂടുതൽ സ്റ്റാഫുകളെ ഇന്ത്യയിലേക്ക് അയക്കേണ്ടി വരുമെന്നുമുള്ള ആശങ്കകൾ സ്പാനിഷ് ക്ലബിന് ഐ എസ് എല്ലിനോടുള്ള താല്പര്യം കുറച്ചിരുന്നു. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ കൊൽക്കത്ത പുതിയ ഹെഡ് കോച്ചായി ടെഡി ഷെറിങ്ഹാമിനേയും ടെക്നിക്കൽ ഡയറായി ആഷ്ലി വെസ്റ്റ്വൂഡിനേയും നിയമിച്ചിരുന്നു.

ആദ്യമായാണ് അത്ലറ്റിക്കോ കൊൽക്കത്ത സ്പെയിനിൽ നിന്നുള്ള ഹെഡ് കോച്ചില്ലാതെ ഇറങ്ങുന്നത്. ഇതു സ്പാനിഷ് ക്ലബുമായുള്ള അകൽച്ചയാണ് സൂചിപ്പിക്കുന്നത്. ഐ എസ് എല്ലിന്റെ മൂന്നു സീസണിൽ രണ്ടിലും കിരീടം നേടിയത് അത്ലറ്റിക്കോ കൊൽക്കത്ത ആയിരുന്നു. ഇരു ക്ലബുകളുടെയും സഹകരണം ടീമിനെ സഹായിച്ചു എങ്കിലും ഫുട്ബോളിനപ്പുറമുള്ള വിഷയങ്ങളാണ് ഇപ്പോൾ ക്ലബുകൾ തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

സ്പാനിഷ് ക്ലബിന് അവരുടെ ബ്രാൻഡ് വലുതാക്കുക മാത്രമാണ് താല്പര്യമെന്നും ഫുട്ബോൾ അല്ല താല്പര്യം എന്നുമാണ് കൊൽക്കത്തൻ പ്രതിനിധികൾ വിമർശിക്കുന്നത്. എന്തായാലും കൊൽക്കാത്തൻ ഐ എസ് എൽ ടീം ലിവർപൂളുമായി മാഞ്ചസ്റ്റർ സിറ്റിയുമായും പുതിയ കരാർ ഉണ്ടാക്കാൻ ചർച്ചകൾ നടത്തുന്നുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ് വിട്ടാൽ അത്ലറ്റിക്കോ കൊൽക്കത്തയുടെ പേരടക്കം മാറാനും സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement