കൊല്‍ക്കത്തയില്‍ ഗോള്‍രഹിത സമനില

കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും പൂനെ സിറ്റിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും കൊല്‍ക്കത്തയായിരുന്നു മുന്‍ പന്തിയില്‍. ഇരു ടീമുകളും ഒട്ടേറെ മാറ്റങ്ങളോടു കൂടിയാണ് മത്സരത്തില്‍ ഇറങ്ങിയത്.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് എടുത്ത ജാവി ലാറ ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ഗോള്‍ വല കാക്കുവാന്‍ അവസരം ലഭിച്ച അരിന്ദം ഭട്ടാചാര്യയെ പരീക്ഷിച്ചു. മികച്ചൊരു സേവിലൂടെ അരിന്ദം പൂനെ ഗോള്‍ വല കാക്കുകയായിരുന്നു. ഇരു ടീമുകളിലെയും താരങ്ങള്‍ ഗോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിച്ചപ്പോള്‍ കൂട്ടത്തില്‍ മുമ്പന്‍ കൊല്‍ക്കത്തയുടെ ബെലെന്‍കോസോ ആയിരുന്നു.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബെലെന്‍കോസോയ്ക്ക് ലഭിച്ച മികച്ചൊരു അവസരം അദ്ദേഹം 52ാം മിനുട്ടില്‍ നഷ്ടപ്പെടുത്തി. 78ാം മിനുട്ടില്‍ ഗോള്‍മുഖത്ത് വെച്ച് ലഭിച്ച അവസരം നഷ്ടമാക്കുകയായിരുന്നു വീണ്ടും ബെലെന്‍കോസോ.

കൊല്‍ക്കത്ത 20 പോയിന്റുകളോടു കൂടി നിലവില്‍ മൂന്നാം സ്ഥാനത്താണ്. 16 പോയിന്റുകളോടു കൂടി പൂനെ നിലവില്‍ ആറാം സ്ഥാനത്താണ്.

കൊല്‍ക്കത്തയുടെ പ്രഭിര്‍ ദാസാണ് ഹീറോ ഓഫ് ദി മാച്ച്.